| Tuesday, 5th January 2021, 11:44 am

കതിരൂര്‍ മനോജ് വധക്കേസ്; യു.എ.പി.എ ചോദ്യം ചെയ്ത് പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹരജി തള്ളി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സി.ബി.ഐ ആണ് പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി. ജജയരാജനാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍

യു.എ.പി.എ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പി. ജയരാജന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്ന് കോടതി ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് പി.ജയരാജന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും ഹരജി തള്ളുകയാണുണ്ടായത്.

സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ നടന്ന ഒരു കുറ്റകൃത്യമാണ്. യു.എ.പി.എ ചുമത്താനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സി.ബി.ഐ കേന്ദ്രത്തിന്റെ അനുമതി മാത്രമാണ് വാങ്ങിയിട്ടുള്ളത്. അതിനാല്‍ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായി ശരിയല്ല എന്നായിരുന്നു ജയരാജന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ആര്‍.എസ്.എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്തംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 1997ലും മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനിടെ 1999ല്‍ പി.ജയരാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായിരുന്നു. എന്നാല്‍ 2009ല്‍ മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും പരാജയപ്പെടുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kathiroor Manoj murder case; Highcourt rejected the plea that questioning his UAPA

We use cookies to give you the best possible experience. Learn more