| Tuesday, 11th April 2017, 8:32 am

കതിരൂര്‍ കേസിലെ പ്രതിക്ക് വ്യാജരേഖ നല്‍കിയ ഡോക്ടര്‍ക്ക് സര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കിയെന്ന് ആക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കതിരൂര്‍ കേസില്‍ വ്യാജരേഖ നനല്‍കിയ ഡോക്ടര്‍ക്ക് സര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കിയെന്ന് റിപ്പോര്‍ട്ട്. കതിരൂര്‍ മനോജ് വധക്കേസിലെ പ്രധാന കുറ്റാരോപിതനായ വിക്രമന് വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയ ഡോക്ടറെ ദേശീയ ആരോഗ്യമഷന്‍ ജില്ല പ്രോഗ്രാം മാനേജരാക്കി എന്നാണ് “മാതൃഭൂമി” റിപ്പോര്‍ട്ട് ചെയ്യുന്നത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.വി ലതീഷിനാണ് സര്‍ക്കാര്‍ ഉന്നതസ്ഥാനം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറിയും സി.ബി.ഐയും ഈ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിക്രമന് വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ രേഖ പുറത്തായിരുന്നു.

ആറ് മാസം മുന്‍പാണ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജരായി നിയമിക്കുന്നത്. ആ സമയത്ത് കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയ അണ്ടര്‍ സെക്രട്ടറി കെ.എസ് വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജരായും ലതീഷിനെ നിയമിച്ചത്.


Also Read: ഖുല്‍ഭുഷന്റെ വധശിക്ഷ നടപ്പിലാക്കിയാല്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും; പാകിസ്താനു മുന്നറിയിപ്പുമായി ഇന്ത്യ; 12 പാക് തടവുകാരുടെ മോചനം റദ്ദാക്കി


വിക്രമന്‍ കടുത്ത മദ്യപാനിയാണെന്നും വര്‍ഷങ്ങളായി തനിക്ക് കീഴില്‍ ചികിത്സയിലാണെന്നുമായിരുന്നു ലതീഷിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ വിക്രമനെ ചികിത്സിച്ചതിന് രേഖയില്ലായിരുന്നു. വ്യാജ റിപ്പോര്‍ട്ടാണ് ലതീഷ് നല്‍കിയത് എന്ന് ആശുപത്രി സൂപ്രണ്ട് സി.ബി.ഐയെ അറിയിച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സി.ബി.ഐ വിലയിരുത്തിയിരുന്നു. വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.ബി.ഐ കത്ത് നല്‍കിയത്.

എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് ഇടത് സര്‍ക്കാര്‍ ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്. അതേസമയം ആരോഗ്യവകുപ്പ് സെക്രട്ടറി നടപടിക്ക് നിര്‍ദേശിച്ചതോ സി.ബി.ഐ. കത്ത് നല്‍കിയ കാര്യമോ അറിയില്ലെന്നും ഡോ. ലതീഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more