കതിരൂര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ നീക്കം
Daily News
കതിരൂര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th September 2014, 8:10 pm

[] തിരുവനന്തപുരം: കതിരൂരില്‍ ആര്‍.എസ്.എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിഷയത്തില്‍ ഡി.ജി.പി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘങ്ങളെ വിശ്വാസമില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതൃത്വം മുഖ്യമന്ത്രിയെ കണ്ടത്.

ആദ്യം കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ഡി.വൈ.എസ്.പി ടി.പി പ്രേമരാജന്‍ സി.പി.ഐ.എം ആശ്രിതനാണെന്നും കൊലപാതകത്തിന് പിന്നിലെ സി.പി.ഐ.എം ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.

ഇതേതുടര്‍ന്ന് എ.ഡി.ജി.പി എസ്.അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ കേസ് െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കേസ് സി.ബി.ഐ്ക്ക് വിടാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്.

തിങ്കളാഴ്ചയാണ് കണ്ണൂരിലെ ആര്‍.എസ്.എസ് ശാരീരിക പ്രമുഖായിരുന്ന കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജിനെ ഒരു സംഘം ആളുകള്‍ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്.