കതിർ ഫാം; പ്രകൃതിയുടെ പച്ചപ്പിൽ ഒരു വിനോദയാത്ര
മലപ്പുറം ജില്ലയിൽ നിലമ്പൂർ പെരുമ്പിലാവ് സംസ്ഥാന പാതയിൽ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടും പാടം ടൗണിൽ റോഡിനോട് ചേർന്നാണ് കതിർ ഫാം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയോടിണങ്ങി ചേർന്ന് ജനങ്ങൾക്ക് ഇരിക്കാൻ ഒരു ഇരിപ്പിടം എന്ന ആശയത്തിൽ നിന്നാണ് ഈ ഫാം രൂപം കൊണ്ടത്. പ്രകൃതി ഒരുക്കിയ സുന്ദരമായ കാഴ്ചകൾ തേടി നിലമ്പൂരിൽ എത്തുന്ന സഞ്ചാരികൾക്കായി പുത്തൻ കാഴ്ചകളുടെ വിരുന്നൊരുക്കി കാത്തിരിക്കുന്ന കതിർ ഫാം.
ഓലമേഞ്ഞ പടവുകൾ കടന്ന് ഫാമിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുവശത്ത് വാഹന പാർക്കിങ് ആണ് കാണുക പിന്നെ കവുങ്ങും ബെന്തി ചെടികളും അതിരിടുന്ന ചെറിയ ഒരു റോഡ്, മറ്റൊരു വശത്താകട്ടെ പച്ച പുതച്ച നെൽപ്പാടങ്ങൾ. കായലിന് നടുവിൽ തൂക്കുപാലം, പെഡൽ ബോട്ടുകൾ, കുട്ടവഞ്ചി, ചെറുമീൻ കുളങ്ങൾ തുടങ്ങി ഒരു വിനോദ സഞ്ചാരിക്ക് വേണ്ടതെല്ലാം കതിരിലുണ്ട്. പച്ചപ്പാണ് കതിരിന്റെ ആത്മസത്ത.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ കേരള അഗ്രി ടൂറിസം നെറ്റ് വർക്കിലെ ഏറ്റവും സന്ദർശക തിരക്കുള്ള ഫാമുകളിൽ ഒന്നാണ് കതിർ.
‘കതിർ ഫാം എന്ന ആശയം ഉണ്ടായത് കൃഷിയോടുള്ള താത്പര്യത്തിൽ നിന്ന് തന്നെയാണ്. 2016 മാർച്ചിലാണ് ഇത് ആരംഭിച്ചത്. ഏപ്രിൽ മാസത്തിൽ ഞാൻ കുറെ കുളങ്ങൾ കുഴിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ ഫലവൃക്ഷങ്ങൾ നടുകയും കുളങ്ങൾ നിർമിച്ച മണ്ണ് ഉപയോഗിച്ച് റോഡുകൾ ഉണ്ടാക്കുകയും ചെയ്തു.
ഒരു വിനോദ സഞ്ചാര ഇടം എന്നതിലുപരി ആളുകൾക്ക് ഫാമിൽ നിന്നും ഏറ്റവും മികച്ച പഴങ്ങളും പച്ചക്കറികളുമെല്ലാം വാങ്ങിക്കാൻ അവസരം നൽകുക എന്നതായിരുന്നു ഉദ്ദേശം. ഫാം തുറക്കുന്നത് 2017ലാണ്. അങ്ങനെയാണ് ഞാൻ ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നത്. 2018 -19ൽ തന്നെ ഞാൻ ആർ.ടി മിഷന്റെ ഭാഗമായിട്ടുണ്ട്,’ കതിർ ഫാമിന്റെ ഉടമ കബിർ തറമണ്ണിൽ പറഞ്ഞു.
കതിരിൽ കൃഷിയോടൊപ്പം തന്നെ പ്രവർത്തിക്കുന്ന കളപ്പുര എന്ന ഇടം നാടിന്റെ സാംസ്കാരിക കേന്ദ്രമായി മാറിയിരിക്കുകയാണ്. ധാരാളം കലാ സാംസ്കാരിക പരിപാടികൾ ഇവിടെ വെച്ച് നടത്തുന്നുണ്ട്. കൊയ്ത്തുത്സവം, നടീൽ ഉത്സവം തുടങ്ങി നാടിന്റെ തനിമയുണർത്തുന്ന നിരവധി സാംസ്കാരിക പരിപാടികൾ കതിരിൽ നടക്കുന്നു.
സ്കൂൾ കുട്ടികൾ ഇവിടെ വരികയും കൃഷിയെക്കുറിച്ചറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ‘കതിർ എന്നത് ഒരു നാമ്പാണല്ലോ ഏതൊരു തുടക്കത്തിന്റെയും നാമ്പ് അതിനാലാണ് ഈ പേരിട്ടത്,’ എന്തുകൊണ്ട് കതിർ എന്ന പേര് വന്നു എന്ന ചോദ്യത്തിന് കബീർ പറഞ്ഞു.
കതിരണിഞ്ഞു നിൽക്കുന്ന നെൽപാടവും നടപ്പാതക്ക് സമീപം കൂട്ടിലിട്ട് വളർത്തുന്ന മുയലുകളും ഗിനിക്കോഴികളും പൂച്ചകളും കൊക്കി കുറുകി നടക്കുന്ന കോഴികളും കുറച്ചപ്പുറത്ത് കുളത്തിൻ്റെ ഓളപരപ്പിൽ നീന്തി കളിക്കുന്ന വെള്ളതാറാവുകളും കതിരിൻ്റെ മാറ്റ് കൂട്ടുന്നു .
ഇരുപത്തിയഞ്ച് സെന്റ് വരുന്ന വലിയ ജലായശത്തിൻ്റെ നടുവിലെ തുരുത്തിലേക്കുള്ള തൂക്കുപാലം വലിയ ഒരു ആകർഷണമാണ് .
കുളത്തിൽ പെഡൽ ബോട്ടുകളും കുട്ടവഞ്ചിയും തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. ആസ്വാദ്യകരമായ അന്തരീക്ഷവും രുചികരമായ ഭക്ഷണവുമാണ് കതിർഫാമിൻ്റെ മറ്റൊരു സവിശേഷത.
നാലേക്കർ വരുന്ന തെങ്ങിൻ തോട്ടത്തിൽ ഫിഷ് ഫാം ഒരുക്കിയാണ് കതിരിൻ്റെ തുടക്കം. ഭക്ഷണം കഴിക്കാം മീൻ കുളങ്ങൾ കാണാം എന്ന നിലയിലാണ് ആദ്യം ആളുകൾ വന്നു തുടങ്ങിയത്. പിന്നീട് കുട്ടികൾക്കുള്ള റൈഡുകളും മറ്റും ഒരുക്കി അങ്ങനെ കതിർ പതുക്കെ ഫാമിലി ഡെസ്റ്റിനേഷൻ ആയി മാറുകയാണുണ്ടായത്. എപ്പോളും വിളഞ്ഞ് നിൽക്കുന്ന തണ്ണിമത്തനും റെഡ് ലേഡി പപ്പായയും പാഷൻ ഫ്രൂട്ടും ഇവിടെ സഞ്ചാരികൾക്കിഷ്ട്ടപ്പെട്ട പാനീയമായി മാറുന്നു.
മണ്ണിനോട് പടവെട്ടി പ്രകൃതിയുടെ താളത്തിൽ ജീവിക്കുന്ന പഴയ കാല കേരള സംസ്കാരം കതിരിൽ തൊട്ടറിയാം. പരമ്പരാഗത രീതിയിൽ പനയോല മേഞ്ഞ ഹാൾ കതിരിൻ്റെ മാറ്റ് കൂട്ടുന്നു. മിക്ക വൈകുന്നേരങ്ങളിലും ഇവിടെ സാംസ്കാരിക സദസ്സുകൾ നടക്കാറുണ്ട്.
ചുണ്ടൻ വള്ളത്തിൻ്റെ മാതൃകയിലുള്ള റസ്റ്ററൻ്റ് കതിരിൻ്റെ മറ്റൊരു കലാസൃഷ്ടിയാണ്. പഴമായാലും പച്ചക്കറിയായാലും കൃഷിയിടത്തിൽ നിന്ന് നേരിട്ട് അടുക്കളയിലൂടെ തീൻ മേശയിലേക്ക് എന്നതാണ് ഇവിടുത്തെ ആശയം . കൃത്രിമ കുട്ടുകൾ ഉപയോഗിക്കാതെ നാടൻ ശൈലിയിലുള്ള വിഭവങ്ങളാണ് കതിരിനെ ജനപ്രിയമാക്കുന്നത്.
Content Highlight: Kathir Farm ; A Harmony with Nature