നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍
Kerala
നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ മാലിന്യം പിടിച്ചെടുത്ത് കമ്പനിക്ക് മുന്‍പില്‍ തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th July 2017, 2:10 pm

തൃശൂര്‍: കാതിക്കൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഒഴുക്കാനായി കൊണ്ടുപോയ രാസമാലിന്യം പിടിച്ചെടുത്ത് കമ്പനിയുടെ പുറത്ത് തുറന്ന് വിട്ട് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍.

ഇന്നലെ ഒരു മണിയോടെയായിരുന്നു സംഭവം. കമ്പനിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പൊലീസ് സംരക്ഷണത്തോടെ പുഴയില്‍ ഒഴുക്കിവിടാനായി വാഹനത്തില്‍ കൊണ്ടുപോകവേയായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞത്.

ഖരമാലിന്യങ്ങള്‍ യാതൊരു കാരണവശാലും ജലാശയങ്ങളില്‍ തള്ളരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ മറികടന്നുകൊണ്ടായിരുന്നു മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനായി കമ്പനി കൊണ്ടുപോയത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും ഇടപെട്ട് മാലിന്യം പിടിച്ചെടുക്കുകയും തുടര്‍ന്ന് മാലിന്യങ്ങള്‍ കമ്പനിയുടെ മുറ്റത്ത് തന്നെ തുറന്നിടുകയുമായിരുന്നെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അഞ്ചുലക്ഷത്തോളം ആളുകളുടെ കുടിവെള്ള സ്‌ത്രോതസുകൂടിയാണ് ചാലക്കുടി പുഴ. കുടിവെള്ള സ്രോതസുകളിലേക്ക് ഒരു കാരണവശാലും മാലിന്യങ്ങള്‍ തള്ളരുതെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പോലും അട്ടിമറിച്ചാണ് കമ്പനിയുടെ നടപടിയെന്നും അനില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊലീസ് സംരക്ഷണത്തോടെയാണ് കമ്പനിയില്‍ നിന്നും മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ അതിനെതിരെ നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ് പൊലീസ് കമ്പനിക്കെതിരെ കേസെടുക്കാറെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.

അടുത്തിടെ മുതലമടയില്‍ നിക്ഷേപിക്കാനായി കൊണ്ടുപോയ 50000 ടണ്‍ മാലിന്യങ്ങള്‍ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അവിടെ നിന്ന് തിരിച്ച് കമ്പനിയിലേക്ക് തന്നെ എത്തിച്ചിരുന്നു. മുതലമട,കൊല്ലംകോട് പ്രദേശത്ത് നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ആറ് മാസം മുന്‍പ് കമ്പനിയുടെ വണ്ടി പൊലീസ് പിടിച്ചെടുത്തിരുന്നു.

ഏകദേശം 80 ടണ്ണോളം മാലിന്യങ്ങളാണ് കമ്പനി ഓരോ ദിവസവും ഇത്തത്തില്‍ പുഴയില്‍ തള്ളിയിരുന്നതെന്നും എന്നാല്‍ സമരസമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് കുറച്ചുകാലമായി ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം അനില്‍ പറയുന്നു.

നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സമരം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നീതി തങ്ങളെ തേടിയെത്തിയിട്ടില്ല. നീറ്റാജലാറ്റിന്‍ കമ്പനിക്കെതിരായ സമരത്തില്‍ നിന്നും മരണംവരെ പിന്‍മാറാന്‍ ഉദ്ദേശമില്ല. വികസനം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി നടത്തുന്ന ഇത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇരയാക്കപ്പെടുന്നത് സാധാരണക്കാരായ നാട്ടുകാര്‍ മാത്രമാണെന്നും ഇദ്ദേഹം പറഞ്ഞു.

ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ “നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്” എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് ഒന്‍പതിലേറെ വര്‍ഷങ്ങളായി.

NGIL കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച് ഒഴുക്കി വിടുകയും ചെയ്യുന്ന NGIL നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.

നീറ്റ ജലാറ്റിന്‍ കമ്പനി പുറന്തള്ളുന്നത് മാരക വിഷമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും ഏറെ അപകടരമായ ലെഡ്ഡിന്റേയും കാഡ്മിയത്തിന്റേയും നിക്കലിന്റേയും അംശങ്ങളാണ് കമ്പനി പുറന്തള്ളുന്നത്.

ഇവിടെ ജലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് കാലികളുടെ 130 ടണ്‍ എല്ലുപൊടി ഉപയോഗിച്ചാണ് . 13 ടണ്‍ ഹൈഡ്രോക്ലോറിക് ആസിഡും 7 ടണ്‍ ചുണ്ണാമ്പ് കല്ലും ഒരു കോടി ലിറ്റര്‍ വെള്ളവുമാണ് അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നത്.

ഇവ ഉപയോഗിച്ചുള്ള ഉത്പാദന പ്രക്രിയയിലൂടെ 80 ടണ്‍ വിവിധ ഉത്പ്പന്നങ്ങള്‍ കമ്പനിക്ക് ലഭിക്കും. ഒപ്പം 35 വീതം ഖര ദ്രവ മാലിന്യം അടക്കം 70 ടണ്‍ മാലിന്യവുമുണ്ടാകും. ഇതില്‍ ചാലക്കുടി പുഴയില്‍ നിന്ന് എടുക്കുന്ന ഒരു കോടി ലിറ്റര്‍ ജലം 15 ലക്ഷം കഴിച്ച് 85 ലിറ്റര്‍ മാലിന്യ ജലമായി പുഴയിലേക്ക് തന്നെ ഒഴുക്കും. ഖര മാലിന്യത്തില്‍ കുട്ടികള്‍ക്കും വലിയവര്‍ക്കും അപകടകരമായ ലെഡിന്റേയും മറ്റും അംശങ്ങള്‍ ഏറെയുണ്ടാവും. മാലിന്യം ഉപയോഗിച്ച് ഉണ്ടാക്കുന്ന വളത്തിലും മറ്റും ഇവയുടെ നാന്നിധ്യം ഉണ്ടായിരിക്കും.