| Thursday, 4th January 2024, 7:01 pm

ഓമനയും മാത്യുവും പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക്; ഒ.ടി.ടി റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ പക്വതയോടെ അവതരിപ്പിച്ച്, പ്രേക്ഷകഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച ‘കാതൽ ദി കോർ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്ന് രാത്രി 12 മണി മുതൽ അമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.

2023 നവംബർ 23നാണ് ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ‘കാതൽ ദി കോർ’ തിയറ്റർ റിലീസ് ചെയ്തത്. സ്ലോ ഫേസിൽ സഞ്ചരിച്ച് സുഖമുള്ളൊരു വേദന‍ സമ്മാനിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്നും ലഭിച്ചു. സിനിമ കണ്ടവരെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

ചിത്രത്തെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് ‘ദ ന്യൂയോർക്ക് ടൈംസ്’ൽ വാർത്ത വന്നതോടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വാധീനിച്ച ചിത്രം ഇന്റർനാഷണൽ ലെവലിലും ശ്രദ്ധനേടി. മനുഷ്യ മനസ്സുകളിൽ മൂടികിടക്കുന്നതും ഒളിച്ചു വെച്ചിരിക്കുന്നതുമായ വികാരവിചാരങ്ങളെ കുറിച്ച് സംവദിക്കുന്ന ഈ സിനിമ സ്നേഹം, പ്രണയം, കുടുംബം, ദാമ്പത്യം, വിരഹം, നിരാശ, ആകുലത, അസ്വസ്ഥത തുടങ്ങി ഒരു വ്യക്തിയെ ദുർബലമാക്കുന്ന ചിന്തകളെ ചിതറിയിട്ടുകൊണ്ടാണ് പ്രേക്ഷകരിലേക്ക് നുഴഞ്ഞുകയറുന്നത്.

ഛായാഗ്രഹണം: സാലു കെ. തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ് , പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് റിലീസ് പാർട്ണർ: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: ശബരി.

Content Highlight: Kathal the core OTT release date

We use cookies to give you the best possible experience. Learn more