സാമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ ഗൗരവത്തോടെ ചർച്ച ചെയ്ത സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. നവംബർ 23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
മാത്യു ദേവസി, അദ്ദേഹത്തിന്റെ ഭാര്യ ഓമന, മകളായ ഫെമി, പിതാവ് ദേവസി എന്നിവർ അടങ്ങുന്ന കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുപോകുന്നത്.
മാത്യുവിന്റെ മകളായി എത്തുന്ന ഫെമി സിനിമയിൽ പുതുമുഖമാണെങ്കിലും ‘ന്യൂ നോർമൽ’ എന്ന ഷോർട്ട് ഫിലിമിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. മോനിഷ മോഹൻ സംവിധാനം ചെയ്ത ന്യൂ നോർമൽ എന്ന ചിത്രം സ്വവർഗ്ഗ അനുരാഗികളുടെ പ്രണയത്തെ കുറിച്ചായിരുന്നു. ഈയൊരു ഷോർട്ട് ഫിലിമിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അനഘയുടെ പ്രകടനം ന്യൂ നോർമലിൽ കണ്ടിട്ട് മമ്മൂട്ടിയെ കാണിക്കാൻ പോയപ്പോൾ അതേ ഷോർട്ട് ഫിലിം അദ്ദേഹവും കണ്ടിരുന്നെന്ന് ജിയോ ബേബി ഒരഭിമുഖത്തിൽ പറയുന്നുണ്ട്.
ഓമനയുടെയും മാത്യുവിന്റെയും മകൾ ഫെമിയായിട്ടാണ് അനഘ ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ തുടക്കത്തിൽ തന്നെ തന്റേതായ കാഴ്ചപ്പാടുള്ള ഒരാളാണ് ഫെമിയെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട്. കാരണം ചിത്രം തുടങ്ങുമ്പോൾ തന്നെ ഓമനയും ഫെമിയുമൊത്തുള്ള സംസാരത്തിൽ നിന്നും ഫെമിക്ക് തന്റേതായ കാഴ്ചപ്പാട് ഉണ്ടെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്.
തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തതയോടെ പറയാൻ ഫെമി ശ്രമിക്കാറുണ്ട്. ഓമനയും മാത്യുവും അളിയനും മാത്യുവിന്റെ അപ്പനും മേശയുടെ ചുറ്റും ഇരിക്കുന്ന സമയത്ത് അവിടേക്ക് ഫെമി കടന്നുവരുന്നുണ്ട്. ആ സമയത്ത് തന്റെ സഹോദരിയുടെ മകളായ ഫെമിയോട് അളിയന്റെ കഥാപാത്രം മദ്യം വേണോ എന്ന് ചോദിക്കുന്നുണ്ട്്. ഹോസ്റ്റലില്‍ മദ്യം കിട്ടാറുണ്ടോ എന്ന തുടര്‍ ചോദ്യത്തിനും വളരെ സത്യസന്ധമായി മറുപടി പറയുന്ന, സ്‌ട്രേറ്റ് ഫോര്‍വേഡ് ആയിട്ടുള്ള ആളാണ് ഫെമി.
അതുപോലെതന്നെ ഓമന വിവാഹമോചനം ആവശ്യപ്പെട്ട സമയത്ത് മാത്യു മകളെ കാണാൻ കോളേജിലേക്ക് പോയപ്പോൾ ഫെമിക്ക് പ്രശ്നത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് മനസ്സിലാകുന്നുണ്ട്. തന്റെ മാതാപിതാക്കൾ പിരിയുന്നതിൽ സങ്കടം ഉണ്ടെങ്കിലും വിഷയത്തിന്റെ ആഴം മനസ്സിലാക്കാനും അവരുടെ കൂടെ നിൽക്കാനും ഫെമി എന്ന മകൾക്ക് സാധിക്കുന്നു എന്നത് വ്യക്തമാണ്.
ഫെമിയുടെ ഓരോ സീനിലും പ്രേക്ഷകർക്ക് വളരെ ബോൾഡ് ആയിട്ടുള്ള ഒരു കുട്ടിയായിട്ടാണ് മനസിലാകുന്നത്. സിനിമയുടെ അവസാന ഭാഗത്തിൽ മാത്യു തന്റെ ഐഡന്റിറ്റി പറഞ്ഞുകൊണ്ട് ഒരു വീഡിയോ എടുക്കുന്നുണ്ട്. അതിൽ തന്റെ വ്യക്തിത്വം കൃത്യമായി പറയുന്നുണ്ട്. ആ ഒരു വീഡിയോ എടുത്തു കൊടുക്കുന്നത് ഫെമിയാണ്. തൻ്റെ പിതാവിന്റെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് ഫെമി അപ്പോൾ നിൽക്കുന്നത്.
അതിനുശേഷം ഡിവോഴ്സ് പേപ്പറിൽ അപ്പനും അമ്മയും ഒപ്പിടുന്ന സമയത്തും വളരെ പക്വതയോടെ ഫെമി അവർക്കിടയിൽ നിൽക്കുന്നുണ്ട്. സിനിമയുടെ അവസാനത്തിൽ ഓമന പുതിയൊരു പങ്കാളിയെ കാണാൻ പോയപ്പോൾ ഫെമി മാത്യുവിനെ വീഡിയോ കോൾ ചെയ്യുന്നുണ്ട്. അതിൽ അമ്മക്ക് ചേരുന്ന സാരി ഇത് അല്ലെന്ന് പറഞ്ഞ് ആ രംഗത്തെ കൂൾ ആകുന്നത് ഫെമിയാണ്.
തന്റെ അമ്മ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനോട് ഫെമിക്ക് ഒരു എതിർപ്പുമില്ല. അവരുടെ കൂടെ നിൽകുകയുമാണ് ഫെമി ചെയ്യുന്നത്. അതിൽ നിന്നും ഫെമി എന്ന മകളുടെ കാഴ്ചപ്പാടും വ്യക്തിത്വവും പ്രേക്ഷകർക്ക് കൃത്യമായി മനസിലാവുന്നുണ്ട്.
കൃത്യമായ കാഴ്ചപ്പാടുള്ള ഒരു സമൂഹത്തിന്റെ പ്രതിനിധി ആയിട്ടാണ് ജിയോ ബേബി ഫെമിയെ ചിത്രീകരിച്ചിട്ടുള്ളത്. വിവാഹ മോചനം പലപ്പോഴും കുട്ടികളെയാണ് ബാധിക്കുന്നത്. എന്നാൽ ഇത്തരം വിഷയങ്ങളെ ഒരു മുതിർന്ന പെൺകുട്ടി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വളരെ വ്യക്തതയോടെ കാണിച്ചു തരികയാണ് ചിത്രം.
Content Highlight: Kathal the core movie’s femi character