| Thursday, 4th April 2024, 1:37 pm

കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷം മുമ്പ് പരിഹരിച്ചതാണ്, പുനഃപരിശോധിക്കേണ്ട ആവശ്യമില്ല; ശ്രീലങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: കച്ചത്തീവ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്ക. കച്ചത്തീവുമായി ബന്ധപ്പെട്ട തര്‍ക്കം 50 വര്‍ഷം മുമ്പ് പരിഹരിച്ചതാണെന്നും അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു.

കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയില്‍ ഇതാദ്യമായാണ് ശ്രീലങ്ക ഔദ്യോഗികമായി പ്രതികരിക്കുന്നത്. വിഷയത്തില്‍ ശ്രീലങ്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി അലി സാബ്രി.

കച്ചത്തീവുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ആരാണ് ഉത്തരവാദികള്‍ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് ഇന്ത്യയില്‍ നടന്നത്. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് അത്. അല്ലാതെ കച്ചത്തീവിന് മേല്‍ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല,’ അലി സാബ്രി പറഞ്ഞു.

കഴിഞ്ഞദിവസം കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ പ്രകോപനപരമായ നീക്കങ്ങള്‍ തുടര്‍ന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും സ്വീകരിക്കണ്ടി വരുമെന്നാണ് ശ്രീലങ്കയിലെ പ്രമുഖ മാധ്യമമായ ഡെയ്‌ലി ഫിനാന്‍ഷ്യല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

കച്ചത്തീവിനെ ആയുധമാക്കി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞദിവസം രം​ഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ കച്ചത്തീവ് വിഷയം ഉന്നയിക്കുന്നത് ബൂമറാങ് പോലെ ഇന്ത്യയെ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. കച്ചത്തീവ് രാഷ്ട്രീയ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും ചൂണ്ടിക്കാട്ടിയിരുന്നു.

1974ല്‍ കച്ചത്തീവ് ദ്വീപില്‍ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാന്‍ പോകുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് നരേന്ദ്ര മോദിയും ബി.ജെ.പിയും അവരുടെ പ്രചരണത്തിൽ ഉന്നയിച്ചത്.അതേസമയം കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ല്‍ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ്. ജയശങ്കര്‍ നല്‍കിയ മറുപടി കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ആയുധമാക്കുകയും ചെയ്തു.

Content Highlight: Katchatheevu dispute settled 50 years ago, no need to revisit it, says Sri Lanka

We use cookies to give you the best possible experience. Learn more