[]കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ കണ്ണൂര്‍ കൊട്ടിയൂരില്‍ ജനങ്ങള്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ്. പി അടക്കം പതിമൂന്ന് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറ് ജീപ്പുകളും രണ്ട് വാനുകളും ഉള്‍പ്പെടെ എട്ട് പൊലീസ് വാഹനങ്ങള്‍ക്ക് സമരക്കാര്‍ തീവെച്ചു. എസ്.പിയുടെ വാഹനവും ഇതില്‍പ്പെടും.
കേന്ദ്ര വനംമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ പത്ത് മണിക്കൂറിലധികം ബന്ദികളാക്കുകയും ചെയ്തു. ഇവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കാനെത്തിയ പൊലീസിനെ ജനം ആക്രമിച്ചു. വനപാലകരുടെ ജീപ്പ് കത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ വാഹനം അടിച്ചു തകര്‍ത്തു. കല്ലും പട്ടികകഷ്ണങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു കേസിലെ മിച്ചഭൂമി അളക്കാന്‍ എത്തിയ കര്‍ണാടക വനംവകുപ്പ് ജീവനക്കാരെ ജനങ്ങള്‍ ബന്ദികളാക്കുകയായിരുന്നു. തുടര്‍ന്ന് കൊട്ടിയൂര്‍, ചുങ്കക്കുന്ന് മേഖലകളില്‍ നിന്ന് സംഘടിച്ചെത്തിയ നൂറുകണക്കിനാളുകള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും വിജയിച്ചില്ല.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്കാരംഭിച്ച സംഘര്‍ഷം പുലര്‍ച്ചെ വരെ നീണ്ടു.
കലക്ടറും എസ്.പിയും സമരത്തിന് നേതൃത്വം നല്‍കിയ ചുങ്കക്കുന്ന് പള്ളിവികാരിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് അക്രമം അവസാനിച്ചത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി.