ന്യൂദല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിലപാട് തൃപ്തികരമല്ലെന്ന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ഇടതു എം.പിമാരുമായുള്ള കൂടിക്കാഴ്ചതയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ജാവദേക്കര്‍ അറിയിച്ചത്.
ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് അതൃപ്തി. പരിസ്ഥിതി മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്ന 119 വില്ലേജുകളും ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. വില്ലേജ് എന്നതിന് പകരം സര്‍വ്വേ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഇ.എസ്.എ ഭൂപടമാണ് കേരളം സമര്‍പ്പിച്ചിരുന്നത്.
അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ജാവദേക്കര്‍ അറിയിച്ചു. ജനുവരിയില്‍ അതത് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തും. നാല് ദിവസം വീതം ചര്‍ച്ച നടത്തും. നിലവിലെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്ന് ഫിബ്രവരിയില്‍ എം.പിമാരുമായും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.