[] ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരട് വിജ്ഞാപനത്തിലെ ഇളവുകള്‍ റിപ്പോര്‍ട്ടിന്റെ ലംഘനമാണെന്ന് സമിതി അംഗം സുനിത നരേന്‍ പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ നടന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കരട് റിപ്പോര്‍ട്ട് ഭേദഗതി ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിലാണ് സുനിത ഇക്കാര്യം വ്യക്തമാക്കിയത്.
കേരള സര്‍ക്കാരിന്റത് പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന നിലപാടാണെന്ന് പറഞ്ഞ അവര്‍ സി.പി.ഐ.എമ്മും ക്രൈസ്തവ സഭകളും റിപ്പോര്‍ട്ടിനെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഖനന മാഫിയയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സമരങ്ങളെന്നും ആരോപിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 112 പേജുള്ള വിജ്ഞാപനത്തില്‍ 60 ദിവസം വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം.
തിരഞ്ഞെടുപ്പിന് മുമ്പായി ഇറങ്ങില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ പ്രധാന ആവശ്യമായിരുന്ന ദുര്‍ബല മേഖലകളുടെ പുനര്‍നിര്‍ണ്ണയം നടത്തുമെന്ന് വിജ്ഞാപനത്തിലുണ്ട്.
ഈ മാസം 11ന് കസ്തൂരിരംഗന്‍ സമിതിയുടെയും വിദഗ്ദ സമിതിയുടെയും നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും ഉള്‍പ്പെടുത്തി കേന്ദ്ര പരിസിഥിതി മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.
കേരളത്തില്‍ 9993.7 ചതുരശ്ര കിലോ മീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമായും ഇതില്‍ 9,107 ച.കിലോ മീറ്റര്‍ വനവും 886.7 ച.കിലോ മീറ്റര്‍ വനേതര മേഖലയുമായാണ് വിജ്ഞാപനത്തില്‍ പറയുന്നത്.പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ,മണല്‍ ഖനനം അനുവദിക്കില്ലെന്നും പുതിയ താപവൈദ്യുത നിലയങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.