| Monday, 5th August 2019, 9:28 am

ആദ്യം ആര്‍ട്ടിക്കിള്‍ 35 A, പിന്നെ 370; കശ്മീരില്‍ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത് സംസ്ഥാനത്തിന്റെ പ്രത്യേക പദവി തന്നെയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും നിലനിര്‍ത്തുന്ന അനിശ്ചിതത്വവും സംസ്ഥാനത്തിന് ഭൂമി ക്രയവിക്രയത്തിനായി പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 35 A ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ 35 A യാണ് സംസ്ഥാനത്തിന്റെ പരമാധികാരം നിശ്ചയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. ആര്‍ട്ടിക്കിള്‍ 35 A പ്രകാരം ജമ്മു കശ്മീര്‍ പെര്‍മനന്റ് റെസിഡന്റ്സ് അല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്കൊന്നും കശ്മീരില്‍ ജോലി തേടാനോ, ഭൂമി വാങ്ങാനോ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ ബിസിനസ് നടത്താനോ കഴിയില്ല. ഇതിനെതിരെ കോടതിയില്‍ പോകാനും കഴിയില്ല.

എന്നാല്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള പര്‍വതസംസ്ഥാനങ്ങളിലെ നിയമങ്ങള്‍ക്ക് സമാനമായി പുറത്തുനിന്നുള്ളവര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാമെന്ന ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതുവഴി പ്രത്യേക സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂവില്‍പ്പന നടത്താനും ഉപയോഗത്തിനനുസരിച്ച് ക്രയവിക്രയം നടത്താനും സാധിക്കും.

ഈ നിയമങ്ങള്‍ പുനപരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം മാറ്റങ്ങള്‍ പെട്ടെന്ന് കൊണ്ടുവരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കൃഷി ഭൂമി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പര്‍വത സംസ്ഥാനങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഇത് അതിരുകളില്ലാതെ സംരക്ഷിക്കപ്പെടുകയാണ്. എന്നാല്‍ ഭൂമി വേണമെങ്കില്‍ ബിസിനസ് അടക്കമുള്ള മറ്റ് ആവശ്യങ്ങള്‍ക്ക് വില്‍ക്കാം. ഇതുവഴി തദ്ദേശീയമായി നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും’

കമ്പനികളും പുറത്തുനിന്നുള്ളവരും ഭൂമി വാങ്ങുന്നത് കുറഞ്ഞതിനാലാണ് സര്‍ക്കാര്‍ ഇടപെടുന്നതാണ് ഉദ്യോഗസ്ഥരുടെ വാദം.

അതേസമയം സ്വകാര്യനിക്ഷേപം കുറയുന്നതിന് പിന്നില്‍ അപാകതയുണ്ടെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. നേരത്തെ സ്വകാര്യകമ്പനികള്‍ക്കായി ഭൂമി പാട്ടത്തിന് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഒരു വര്‍ഷത്തോളമായി ഗവര്‍ണറുടെ കീഴിലാണ് കശ്മീര്‍. ഇക്കാലയളവില്‍ വിഘടനവാദികളെന്ന് ആരോപിച്ച് നിരവധി പേരാണ് താഴ്‌വരില്‍ ജയിലിലാക്കപ്പെട്ടത്. ജമ്മു കശ്മീര്‍ ബാങ്ക് ചെയര്‍മാനെ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളും ഗവര്‍ണര്‍ സ്വീകരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more