| Monday, 3rd April 2017, 7:49 am

ഭീകരവാദമോ വിനോദസഞ്ചാരമോ? എന്തുവേണമെന്ന് കശ്മീരി യുവത തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ശ്രീനഗര്‍: ഭീകരവാദം വേണോ വിനോദസഞ്ചാരം വേണോ എന്ന് കശ്മീരി യുവാക്കള്‍ ഇപ്പോള്‍ തീരുമാനം എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിന്റെ ഒരു ഭാഗത്ത് ഭീകരവാദവും മറുഭാഗത്ത് വിനോദസഞ്ചാരവുമാണ് ഇപ്പോഴുള്ളത്. ഇതില്‍ ഏതുവേണമെന്ന് കശ്മീരി യുവാക്കള്‍ തീരുമാനമെടുക്കണമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതത്തിനു തുറന്നുകൊടുത്ത ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“കഴിഞ്ഞ 40 വര്‍ഷമായി തുടരുന്ന അശാന്തിയില്‍ കശ്മീര്‍ താഴ്‌വരയില്‍ ജീവന്‍ നഷ്ടമായത് ആയിരക്കണക്കിന് നിരപരാധികള്‍ക്കാണ്. നിരവധി അമ്മമാര്‍ക്ക് മക്കളെ നഷ്ടമായി. കാലാകാലങ്ങളായി തുടരുന്ന ഈ രക്തച്ചൊരിച്ചില്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിയില്ല. കഴിഞ്ഞ 40 വര്‍ഷം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ കശ്മീരിന്റെ കാല്‍ച്ചുവട്ടില്‍ ലോകം എത്തുമായിരുന്നു. എല്ലാ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്, ഒരിക്കലെങ്കിലും വിനോദസഞ്ചാരിയായി കശ്മീരില്‍ എത്തുകയെന്നത്. കശ്മീരിലേക്ക് വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയാല്‍ അത് സംസ്ഥാനത്തിന്റെ സമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിച്ചാല്‍ രാജ്യം മുഴുവന്‍ കശ്മീരിനൊപ്പം നില്‍ക്കും.” പ്രധാനമന്ത്രി പറഞ്ഞു.


Also Read: ‘ വീട്ടിലിരുന്ന് കളികാണാന്‍ അത്ര സുഖമൊന്നുമില്ല മാഷേ’; ഇടവേളയേയും തിരിച്ചു വരവിനേയും കുറിച്ച് രോഹിത് ശര്‍മ്മ


ജമ്മു-കശ്മീരിലെ പര്‍വതപ്രദേശത്തു റെക്കോര്‍ഡ് വേഗത്തില്‍ നാലുവര്‍ഷം കൊണ്ടു പണിത 10.89 കിലോമീറ്റര്‍ ഉധംപുര്‍-റംബാന്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more