കശ്മീരികള്‍ക്കുവേണ്ടി തെരുവിലിറങ്ങി പഞ്ചാബിലെ കര്‍ഷകര്‍: സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവസരം കശ്മീരികള്‍ക്ക് നല്‍കണമെന്ന് ആവശ്യം
Kashmir Turmoil
കശ്മീരികള്‍ക്കുവേണ്ടി തെരുവിലിറങ്ങി പഞ്ചാബിലെ കര്‍ഷകര്‍: സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവസരം കശ്മീരികള്‍ക്ക് നല്‍കണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th September 2019, 3:18 pm

 

ന്യൂദല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധവുമായി പഞ്ചാബിലെ ഒരുകൂട്ടം കര്‍ഷകര്‍. സെപ്റ്റംബര്‍ പത്തിനായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം കശ്മീരികള്‍ക്ക് നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചായിരുന്നു പ്രതിഷേധമെന്ന് ദ ട്രിബ്യൂണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും കശ്മീരികള്‍ക്ക് നല്‍കണം. ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നത് അവസാനിപ്പിക്കണം. കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണം. സൈന്യത്തെ തിരിച്ചുവിളിക്കണം. അഫ്‌സ്പ പിന്‍വലിക്കണം. അറസ്റ്റു ചെയ്യപ്പെട്ടവരെ ഉടന്‍ മോചിപ്പിക്കണം.’ എന്നായിരുന്നു അവരുടെ ആവശ്യം.

ഭാരതീയ കിസാന്‍ യൂണിയന്‍ ഏകതാ ഉഗ്രഹനിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഝാണ്ട സിങ് ജെതുകെ, ഹര്‍വീന്ദര്‍ ബിന്ദു, ശൃംഖര സിങ് മന്‍, മോത്തു സിങ് കോട്ര, ഹര്‍ജീന്ദര്‍ സിങ് ഭാഗ, സോറ സിങ്, സേവക് സിങ്, തിരത് സിങ്, അശ്വനി കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

‘കഴിഞ്ഞ 72 വര്‍ഷമായി ഭരണകൂടം കശ്മീരികളെ അടിച്ചമര്‍ത്തുകയാണ്. സ്ഥിതി സാധാരണമായാല്‍ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശം കശ്മീരികള്‍ക്ക് നല്‍കുമെന്നാണ് സൈന്യത്തെ അയക്കവേ പറഞ്ഞത്. ‘ കര്‍ഷകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അന്നു മുതല്‍ കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ആശയവിനിമയത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്നും തുടരുകയാണ്. രാഷ്ട്രീയ നേതാക്കന്മാര്‍ അടക്കമുള്ള നൂറുകണക്കിന് ആളുകള്‍ കസ്റ്റഡിയില്‍ തുടരുകയാണ്.