കശ്മീരി വിദ്യാർത്ഥികളെ താടി വടിക്കാൻ നിർബന്ധിച്ച് കർണാടകയിലെ സർക്കാർ നഴ്‌സിങ് കോളജ്
national news
കശ്മീരി വിദ്യാർത്ഥികളെ താടി വടിക്കാൻ നിർബന്ധിച്ച് കർണാടകയിലെ സർക്കാർ നഴ്‌സിങ് കോളജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2024, 9:33 am

ബെംഗളൂരു: കർണാടകയിലെ നഴ്‌സിങ് കോളജിലെ കശ്മീരി വിദ്യാർത്ഥികളോട് താടി വടിക്കാൻ ആവശ്യപ്പെട്ട് കോളജ് അധികൃതർ. കർണാടകയിലെ നഴ്‌സിങ് കോളേജിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളെ ക്ലാസുകളിൽ കയറാൻ അനുവദിക്കണമെങ്കിൽ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് കോളേജ് ഭരണകൂടം ആവശ്യപ്പെട്ടതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു.

നിർദേശം പാലിച്ചില്ലെങ്കിൽ ക്ലാസുകളിൽ കയറാൻ അനുവദിക്കില്ലെന്ന ഭീഷണി നേരിടേണ്ടി വന്നതായി ഹാസൻ ജില്ലയിലെ സർക്കാർ നഴ്‌സിങ് കോളജിൽ ചേർന്ന വിദ്യാർത്ഥികൾ പറഞ്ഞു.

വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, കോളേജ് പ്രവർത്തനങ്ങളിലും ക്ലിനിക്കൽ ഡ്യൂട്ടികളിലും പങ്കെടുക്കുന്നതിന് ഏകദേശം 24 കശ്മീരി വിദ്യാർത്ഥികൾക്ക് താടി ട്രിം ചെയ്യണമെന്നും അല്ലെങ്കിൽ ക്ലീൻ ഷേവ് ചെയ്യണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. താടി ഷേവ് ചെയ്യാത്ത് വിദ്യാർത്ഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തി എന്നും ഇത് അവരുടെ ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ കത്ത് നൽകിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. കോളേജിൻ്റെ നിർദേശങ്ങൾ വിദ്യാർത്ഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് സ്റ്റുഡൻ്റ്സ് അസോസിയേഷൻ കത്തിൽ പറഞ്ഞു.

എന്നാൽ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനെ ടാർഗെറ്റ് ചെയ്യുകയല്ലെന്നാണ് കോളേജ് അഡ്മിനിസ്ട്രേഷന്റെ വാദം. പ്രാദേശിക കന്നഡിഗ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികൾക്കും ക്ലിനിക്കൽ ഡ്യൂട്ടികൾക്ക് ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കോളേജിലെ ക്ലിനിക്കൽ ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു.

മതപരമായ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ കശ്മീരി വിദ്യാർത്ഥികൾ പതിവായി ക്ലാസുകൾ ഒഴിവാക്കുന്നതായും കോളേജ് ഭരണകൂടം ആരോപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചതിനെ തുടർന്ന് കോളേജ് അഡ്മിനിസ്ട്രേഷൻ കശ്മീരി വിദ്യാർത്ഥികളുമായി ചർച്ച നടത്തുകയും അവരുടെ മതപരമായ ആചാരങ്ങൾ ആചരിക്കാൻ അനുവദിക്കുകയും ചെയ്തു.

Content Highlight: Kashmiri students in Karnataka allege college forced them to trim their beard