| Sunday, 23rd February 2020, 6:12 pm

ക്ലിന്റണ്‍ സന്ദര്‍ശനത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുമോ? ട്രംപ് സന്ദര്‍ശനത്തില്‍ പേടിച്ചരണ്ട് കശ്മീരിലെ സിഖുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ഭയന്ന് കശ്മീര്‍ താഴ്‌വരയിലെ സിഖ് വിഭാഗക്കാര്‍. 2000-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്വിന്റണ്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍. ബില്‍ ക്ലിന്റണ്‍ ഇന്ത്യയിലെത്തിയ 2000 മാര്‍ച്ച് 19ന് രാത്രി സൗത്ത് അനന്ദ്‌നാഗ് ജില്ലയിലെ ചത്തിസിങ്‌പോറ ഗ്രാമത്തിലെ ന്യൂനപക്ഷ വിഭാഗത്തിലെ 35 പേരെ സൈനിക വേഷത്തിലെത്തിയ തോക്കുധാരികള്‍ കൂട്ടക്കൊല നടത്തിയിരുന്നു.

വിദേശത്തുനിന്നുള്ള ഉന്നത അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ എപ്പോഴെല്ലാം ഇന്ത്യ സന്ദര്‍ശിക്കുന്നുവോ അപ്പോഴെല്ലാം കശ്മീര്‍ താഴ്‌വരയിലെ സിഖുകാര്‍ ഭീതിയുടെ മുനമ്പിലാണ് കഴിയാറുള്ളതെന്ന് ഓള്‍ പാര്‍ട്ടീസ് സിഖ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജഗ്മോഹന്‍ സിങ് റെയ്‌ന പറഞ്ഞു. പ്രത്യേകിച്ചും അമേരിക്കയില്‍നിന്നുള്ളവരാകുമ്പോള്‍ ആ ഭീതി എല്ലാവരിലും ക്രമാതീതമായി ഉയരുമെന്നും അദ്ദേഹം വിശദീകരിച്ചു.

‘ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിലാണ് എല്ലാവരും. എന്നാല്‍, കശ്മീരിലെ സിഖുകാര്‍ പേടിച്ചരണ്ടാണ് കഴിയുന്നത്. എല്ലാവരിലും പേടികൊണ്ട് അരക്ഷിതമായ അവസ്ഥ കടന്നുകൂടിയിരിക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തങ്ങള്‍ക്ക് എന്തോ വലിയ ആപത്താണ് വരുത്താന്‍ പോകുന്നതെന്ന ഭയമാണ് ഒരോ നിമിഷത്തിലും അവരെ ഭരിക്കുന്നത്’, ജഗ്മോഹന്‍ സിങ് റെയ്‌ന പറഞ്ഞു.

2000ല്‍ ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു കശ്മീര് താഴ്‌വരയിലെ സിഖുകാര്‍ക്കുനേരെ ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ 35 സിഖുകാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം സൈന്യം തള്ളിക്കളഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെല്ലാം വിദേശ ചാരന്മാരാണെന്നായിരുന്നു ആര്‍മിയും ജമ്മു കശ്മീര്‍ പൊലീസും വാദിച്ചിരുന്നത്.

എന്നാല്‍, നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും കശ്മീരിന്റെ വിവിധ ഭാഗത്തുനിന്നും സൈന്യം പല സമയങ്ങളിലായി തെരഞ്ഞെടുത്ത സൈനികരല്ലാത്ത വ്യക്തികളാണ് കൊലയ്ക്ക് പിന്നിലെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more