| Tuesday, 20th June 2023, 7:00 pm

കശ്മീരി പണ്ഡിറ്റുകള്‍ തെരുവില്‍; വോട്ടിനായി വിദ്വേഷ പ്രചരണം നടത്തി സിനിമ ഇറക്കിയ ബി.ജെ.പി എവിടെയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി പണ്ഡിറ്റുകള്‍. അഭയാര്‍ത്ഥി ക്യാമ്പുകളിലടക്കം വൈദ്യുതി ബില്‍ ചുമത്തുന്നതിനെതിരെയാണ് പ്രതിഷേധം.

ഞായറാഴ്ച ജമ്മു ജില്ലയിലെ ജഗ്തി ടൗണ്‍ഷിപ്പിലാണ് പണ്ഡിറ്റുകളുടെ വലിയ പ്രതിഷേധം അരങ്ങേറിയത്. ജമ്മു പവര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ(ജെ.പി.ഡി.സി.എല്‍) നൂറുകണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധക്കാരുടെ പ്രതികരങ്ങള്‍ അടങ്ങിയ വീഡിയോ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ ഭരണകൂടം ഗൂഢാലോചന നടത്തുകയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വൈദ്യുതി വകുപ്പിന്റെ കരാര്‍ ഒപ്പിടാന്‍ പണ്ഡിറ്റുകള്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥയാണെന്നും അവര്‍ ആരോപിച്ചു.

വിഷയത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും രംഗത്തെത്തി. വോട്ടിനായി വിദ്വേഷ പ്രചരണം നടത്തി കശ്മീരി പണ്ഡിറ്റുകളെ ഉപയോഗിച്ച് സിനിമ ഇറക്കിയ ബി.ജെ.പി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതിഷേധക്കാരുടെ വീഡിയോ പങ്കുവെച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.

‘അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ. അവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.

ഒരു സിനിമയെ പ്രമോട്ട് ചെയ്ത് ജമ്മു കശ്മീര്‍ സ്വര്‍ഗമാക്കിയെന്ന് വീമ്പിളക്കിയ ബി.ജെ.പി എവിടെയാണ്?

അവര്‍ ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. വോട്ടിനായി വിദ്വേഷ പ്രചരണം നടത്തി, അടുത്ത വിഭജന പ്രശ്‌നത്തിലേക്ക് നീങ്ങി!,’ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ സമരക്കാരെ സന്ദര്‍ശിക്കുകയും ജമ്മു കശ്മീരിലെ ഓള്‍ പാര്‍ട്ടി ആക്ഷന്‍ കമ്മിറ്റി മൈഗ്രന്റ്‌സ് ജഗ്തി ടൗണ്‍ഷിപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Content Highlight: Kashmiri Pandits protest against the government in the Union Territory of Jammu and Kashmir

Latest Stories

We use cookies to give you the best possible experience. Learn more