ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് കശ്മീരി പണ്ഡിറ്റുകളുടെ സംഘടന. കുടിയേറ്റ കശ്മീരി പണ്ഡിറ്റുകളുടെ സംഘടനയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ഒരു വര്‍ഷം തികയാനിരിക്കെ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ജമ്മു കശ്മീരിനുള്ള പ്രത്യേക പദവിയും സംസ്ഥാനമെന്ന പദവിയും എത്രയും പെട്ടെന്ന് തിരികെ കൊടുക്കണം. വ്യക്തികള്‍ക്കും സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തുല്യതയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്.’
മുന്‍പൊരിക്കലും ഒരു സംസ്ഥാനത്തേയും ഇത്രയും തരംതാഴ്ത്തിയിട്ടില്ല. ഇത് ജനാധിപത്യത്തില്‍ ചെയ്യുന്നതല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് ഒരിക്കലും സൈനികമായി പരിഹാരം കാണാനാകില്ലെന്നും സ്വന്തം ജനതയോട് ഒരു രാജ്യത്തിന് യുദ്ധം പ്രഖ്യാപിക്കാനാകില്ലെന്നും കുടിയേറ്റ കശ്മീരി പണ്ഡിറ്റ് സംഘടനയുടെ ചെയര്‍മാന്‍ സതിഷ് മഹല്‍ദാര്‍ പറഞ്ഞു.
കശ്മീരികള്‍ സ്വന്തം ജനങ്ങളാണെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരെ സ്‌നേഹിക്കണമെന്നും സംഘടന പറഞ്ഞു.
‘കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കുക എന്നതാണ് ശുഭകരം. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്.’
പിന്നോക്ക പ്രദേശങ്ങളുടെ താല്പര്യങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അസ്വസ്ഥമായ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിനും പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക പദവി ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം ജമ്മു കശ്മീരല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
2019 ആഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഏകപക്ഷീയമായി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ