| Thursday, 11th April 2019, 9:41 pm

കശ്മീരില്‍ റോഡ് മുറിച്ചുകടക്കാന്‍ കൈയില്‍ സീലടിച്ച് അനുമതി; അവകാശലംഘനമെന്ന് വ്യാപക ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ദക്ഷിണകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുള്ള 300 കിലോമീറ്റര്‍ നീളമുള്ള റോഡിന് ഇപ്പോള്‍ ഒരു പ്രത്യേകതയുണ്ട്. ഏപ്രില്‍ ഏഴുമുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ ഓരോ ആഴ്ചയിലും ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ജനങ്ങള്‍ക്കു വിലക്കാണ്. ആ ദിവസങ്ങളില്‍ സുരക്ഷാ സൈനികരുടെ വാഹനവ്യൂഹത്തിനു മാത്രമേ കടന്നുപോകാന്‍ അനുമതിയുള്ളൂ.

ആ ദിവസങ്ങളില്‍ കടന്നുപോകുന്നതിന് അധികൃതരുടെ അനുമതി വേണം. അതിനായി ബുധനാഴ്ച ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അടുത്തെത്തിയ ഒരു പൗരനു ലഭിച്ച ‘അനുമതിപത്രം’ ഈ ചിത്രത്തില്‍ കാണുന്നതാണ്. കൈയില്‍ സീലടിച്ചും പേന കൊണ്ട് എഴുത്ി ഒപ്പിട്ടുമായിരുന്നു മജിസ്‌ട്രേറ്റ് അനുമതി നല്‍കിയത്.

സംഗം എന്ന സ്ഥലത്തേക്ക് റോഡ് മുറിച്ചുകടക്കുന്നതിനുള്ള അനുമതിക്കായാണ് ഈ വ്യക്തി മജിസ്‌ട്രേറ്റിനെ കാണാനെത്തിയത്. കൈയില്‍ സീല്‍ അടിച്ച് കുത്തി ‘സംഗത്തിലേക്ക് അനുമതി നല്‍കിയിരിക്കുന്നു’ എന്നു കൈപ്പടയില്‍ എഴുതുകയും ചെയ്തു. കൂടാതെ ഒപ്പും. ഈ ചിത്രം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പാസ് തീര്‍ന്നതിനാലാണ് ഈ പ്രവൃത്തിയെന്നായിരുന്നു ഗുലാം മൊഹിയുദ്ദീന്‍ എന്ന നായിബ് തഹസില്‍ദാറുടെ (ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്) വിശദീകരണം.

ഈ ചിത്രം ആദ്യ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചതാരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആര്‍ക്കാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടായതെന്നും വ്യക്തമല്ല.

ഭരണഘടനാ അവകാശം ലംഘിക്കുന്ന പ്രവൃത്തിയാണിതെന്ന് ആരോപിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി. അന്തസ്സില്ലാത്തതും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണിതെന്നു ചൂണ്ടിക്കാട്ടി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

സംഭവം വിവാദമായതിനെത്തുടര്‍ന്നു ന്യായീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. കാരണമുള്ള നിയന്ത്രണങ്ങളാണ് ഇവയെന്നായിരുന്നു മന്ത്രാലയത്തിന്റെ വാദം.

ചില നിക്ഷിപ്ത താത്പര്യക്കാരാണു സംഭവം വിവാദമാക്കുന്നതെന്നും ദേശീയ സുരക്ഷ പരിഗണിക്കാതെയാണ് ഇതെന്നും മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗികകുറിപ്പില്‍ പറയുന്നു. പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള അനാദരവാണിതെന്നും അതില്‍ പറയുന്നു.

പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നുണയാണെന്നു മറുപടിയായി ട്വീറ്റ് ചെയ്ത ഒമര്‍ അബ്ദുള്ള ആരോപിച്ചു.

We use cookies to give you the best possible experience. Learn more