| Thursday, 2nd July 2020, 10:57 am

മുത്തച്ഛനെ കൊന്നത് പൊലീസെന്ന് മൂന്നുവയസുകാരന്‍; സോപോറിലെ വൃദ്ധന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്,വാദം തള്ളി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരിലെ സോപോറില്‍ ബുധനാഴ്ച കൊല്ലപ്പെട്ട കാര്‍ യാത്രികന്‍ ബഷീര്‍ അഹമ്മദ് ഖാനെ സി.ആര്‍.പി.എഫ് സായുധ സേനാംഗങ്ങള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നുവെന്ന് കുടുംബം. കൊല്ലപ്പെടുമ്പോള്‍ ബഷീര്‍ അഹമ്മദ് ഖാന്റെ കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുകാരനായ ചെറുമകനെ മൃതദേഹത്തിനരികെ വെച്ച് ഫോട്ടോ എടുക്കുകയായിരുന്നെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാപാക്ക് (മുത്തച്ഛന്‍) എന്താണ് പറ്റിയതെന്ന് റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോള്‍ പൊലീസ് എന്ന് കുട്ടി മറുപടി പറയുന്നു. ഇതിന്റെ വീഡിയോയും ദ വയര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


രാവിലെ ഏഴ് മണിയോടെ സോപോര്‍ മോഡല്‍ ടൗണില്‍ സായുധരും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സായുധരുടെ വെടിയേറ്റാണ് ബഷീര്‍ കൊല്ലപ്പെട്ടത് എന്നാണ് സൈന്യം അറിയിച്ചത്. ദേശീയ മാധ്യമങ്ങളും ഇത് വലിയ വാര്‍ത്തയാക്കി നല്‍കിയിരുന്നു.

എന്നാല്‍ സൈനികരാണ് ബഷീര്‍ അഹമ്മദിനെ കൊന്നത് എന്നും അതിന് ശേഷം മകനെ പിതാവിന്റെ ശരീരത്തില്‍ ഇരുത്തുകയുമാണ് അവര്‍ ചെയ്തതെന്നും ബഷീറിന്റെ മകള്‍ പറയുന്നതായി കശ്മീര്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

സായുധരുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറില്‍ നിന്നും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകനും പറയുന്നു. അതേസമയം സോപോര്‍ എസ്.എസ്.പി ജവൈദ് ഇഖ്ബാല്‍ കുടുംബത്തിന്റെ വാദം തള്ളി.

സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് വലിച്ചിഴച്ച് വെടിവച്ചുകൊന്നുവെന്ന റിപോര്‍ട്ടുകള്‍ തീര്‍ത്തും തെറ്റാണെന്ന് എസ്.എസ്.പി ജവൈദ് ഇഖ്ബാല്‍ പറഞ്ഞു.

ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ഹയാതിന്റെ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും ആരാണ് എന്ന് ഇനിയും വ്യക്തമല്ല. ചോക്ലേറ്റുകളും ബിസ്‌കറ്റും നല്‍കി സംഭവസ്ഥലത്തു നിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more