ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി യുവജന വിഭാഗം അധ്യക്ഷനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായിയുമായ വഹീദ് പരായെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു.
എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് വഹീദിനെ വീണ്ടും അറസ്റ്റ് ചെയ്തത്. വിഘടനവാദ- തീവ്രവാദ ബന്ധമാരോപിച്ചാണ് അറസ്റ്റ്.
തീവ്രവാദ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ പരിധിയിലാണ് വഹീദിനെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അറസ്റ്റിന് ശേഷം വഹീദിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജനുവരി 18 വരെ ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ ശ്രീനഗറിലെത്തിക്കുമെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ഭീകരവാദ ബന്ധമാരോപിച്ച് നവംബര്‍ 25 ന് ഇദ്ദേഹത്തെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നതാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നുഅറസ്റ്റ്.
നവീദ് ഉള്‍പ്പെട്ട തീവ്രവാദകേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് വഹീദിനെയും അറസ്റ്റ് ചെയ്തത്.
രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ സ്വന്തം വാഹനത്തില്‍ കടത്തിയ കേസില്‍ മുന്‍ ഡി.എസ്.പി ദവിന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടാണ് വഹീദിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നായിരുന്നു എന്‍.ഐ.എയുടെ പ്രതികരണം.
കേസിലെ മറ്റു പ്രതികളായ നവീദ് ബാബു, ദവിന്ദര്‍ സിങ് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തിയെന്നാണ് വഹീദിനെതിരായ കേസ്.
തെക്കന്‍ കശ്മീരില്‍ പുല്‍വാമയടക്കം നിരവധി പ്രദേശങ്ങളില്‍ പി.ഡി.പിയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചയാളാണ് വഹീദ് പരാ. ഈയടുത്തായി നടന്ന ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രികയും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക