ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റാരോപിതനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് കാശ്മീരില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ നാളെ വരെ തുടരും.
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ തുടര്‍ന്ന് കാശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ നാളെ വരെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. []
അഫ്‌സല്‍ ഗുരുവിന്റെ ജന്മസ്ഥലമായ സോപോറില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുള്‍പ്പെടെ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്(ജെ.കെ.എല്‍.എഫ്) നേതാവ് മഖ്ബൂല്‍ ബട്ടിന്റെ ചരമ വാര്‍ഷികമാണ് ഫെബ്രുവരി 11 ന്.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നതായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വേണ്ട സുരക്ഷാ നടപടികള്‍ കൈക്കൊള്ളാനുള്ള നിര്‍ദേശം ലഭിച്ചിരുന്നതായും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
ഫെബ്രുവരി മൂന്നിന് അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജി രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്നാണ് ഗുരുവിനെ ഇന്നലെ തൂക്കിലേറ്റിയത്. അതീവ രഹസ്യമായി തീഹാര്‍ ജയിലില്‍ ഇന്നലെ രാവിലെ എട്ട് മണിക്കായിരുന്നു ശിക്ഷ. മൃതദേഹം മതാചാരപ്രകാരം ജയില്‍ വളപ്പില്‍ സംസ്‌കരിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2001 ഡിസംബര്‍ 13ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതിന് 2002 ഡിസംബര്‍ 18ന് ആണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിച്ചത്. ഇതു 2003 ഒക്‌ടോബര്‍ 29ന് ഹൈകോടതിയും 2005 ആഗസ്റ്റ് നാലിന് സുപ്രീം കോടതിയും ശരിവച്ചു.
2006 ഒക്‌ടോബര്‍ 20ന് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ ഇതിനിടെ അഫ്‌സല്‍ ഗുരു രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുകയായിരുന്നു.
പാര്‍ലമെന്റ് ആക്രമണത്തില്‍ നേരിട്ട് അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോടതി വിധിയില്‍ പറയുന്നത് അഫ്‌സല്‍ഗുരുവിന് ഏതെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിവില്ലെന്നും പക്ഷേ പൊതുജന അഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത് എന്നുമായിരുന്നു.