Advertisement
India
രാജ്യദ്രോഹക്കുറ്റം; ഷെഹ്‌ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല; ഇടക്കാല സംരക്ഷണം നല്‍കി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 10, 06:15 am
Tuesday, 10th September 2019, 11:45 am

ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ രാഷ്ട്രീയ, മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്‌ല റാഷിദിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല. ഷെഹ്‌ല റാഷിദിന് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം നല്‍കി ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കരുതുന്നതെന്ന് പാട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ പറഞ്ഞു.

കേസ് നവംബര്‍ അഞ്ചിന് വീണ്ടും പരിഗണനയ്ക്ക് എടുക്കും. അതുവരെ ഷെഹ്ലയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
അന്വേഷണവുമായി ഷെഹ്ല പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ജമ്മുകശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഷെഹ് ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഷെഹ് ല റാഷിദിന്റെ പോസ്റ്റ് ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും രാജ്യദ്രോഹ നടപടിയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ ആറിനാണ് ഷെഹ്‌ലയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഷെഹ്ലക്കെതിരെ ഇന്ത്യന്‍ സൈന്യം പരാതി നല്‍കിയിട്ടില്ലെന്ന് പബ്ലിക് പ്രൊസിക്യുട്ടര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയില്‍ കശ്മീരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു താനെന്നും തന്നെ നിശബ്ദയാക്കാനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഷെഹ്ല റാഷിദ് പ്രതികരിച്ചത്.

കശ്മീരില്‍ ആളുകളെ യാതൊരു കാരണവും കൂടാതെ സൈന്യം പിടിച്ചുകൊണ്ടുപോകുകയാണെന്നും വീടുകളിലും മറ്റും റെയ്‌ഡെന്ന പേരില്‍ സൈന്യം അതിക്രമം നടത്തുകയാണെന്നും ആളുകളെ ഉപദ്രവിക്കുകയാണെന്നും ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു.

ബി.ജെ.പിയുടെ അജണ്ടയാണ് കശ്മീരില്‍ നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ തച്ചുടയ്ക്കപ്പെടുകയാണെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്തിരുന്നു. കശ്മീരില്‍ സൈന്യത്തിന് കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവരാന്‍ താന്‍ തയ്യാറാണെന്നും ഷെഹ്‌ല പറഞ്ഞിരുന്നു.

എന്നാല്‍ ഷെഹ്‌ലയുടെ ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് അവര്‍ പങ്കുവെക്കുന്നതെന്നും അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഇതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

Also Read

കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന യൂസഫ് തരിഗാമിയെ ദല്‍ഹി എയിംസിലേക്ക് മാറ്റി

കശ്മീരിലെ കേന്ദ്രനയം പ്രഖ്യാപിക്കേണ്ടത് പ്രധാനമന്ത്രിയോ സുരക്ഷാ ഉപദേഷ്ടാവോ; അജിത് ഡോവലിനെതിരെ ഡി. രാജ

കശ്മീര്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്