| Monday, 12th August 2019, 1:54 pm

കശ്മീരികളുമായി കുശലാന്വേഷണം നടത്തുന്ന അജിത് ദോവല്‍: സര്‍ക്കാര്‍ പുറത്തുവിട്ട ചിത്രത്തിന്റെ വസ്തുത വെളിപ്പെടുത്തി ദോവലിനൊപ്പമുള്ള ഷോപ്പിയാന്‍ സ്വദേശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷോപ്പിയാന്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരികളുമായി സംസാരിക്കുന്ന വീഡിയോ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. പ്രത്യേക പദവി എടുത്തുമാറ്റിയ കേന്ദ്ര നിലപാടില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമൊന്നുമില്ലെന്ന് കാണിക്കാന്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

പ്രദേശവാസികളുമായി ബിരിയാണി പങ്കുവെച്ചു കഴിക്കുന്ന ദോവല്‍ എന്നു പറഞ്ഞായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. എന്നാല്‍ ഈ വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണ് ഹാഫിങ്ടണ്‍ പോസ്റ്റ്.

ദോവലിനൊപ്പം വീഡിയോയിലുണ്ടായിരുന്ന വ്യക്തിയെ കണ്ടെത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹാഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഷോപ്പിയാനിലെ അലിയല്‍പോറയിലെ മുഹമ്മദ് മന്‍സൂര്‍ എന്നയാളാണ് ദോവലിനൊപ്പം ഉണ്ടായിരുന്നത്.

ദോവലിനെ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹത്തെ കാണാനാണ് പോകുന്നതെന്ന് അറിഞ്ഞിരുന്നില്ലെങ്കില്‍ പോകില്ലായിരുന്നെന്നുമാണ് മന്‍സൂര്‍ പറയുന്നത്.

‘ എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. ഡി.ജി.പി സാഹബിന്റെ പേഴ്‌സണല്‍ സെക്രട്ടറിയാവും അദ്ദേഹം എന്നാണ് ഞാന്‍ കരുതിയത്.’ അദ്ദേഹം പറയുന്നു.

വീഡിയോ വൈറലായതോടെ കുടുംബം ഭീതിയിലാണെന്നും അദ്ദേഹം പറയുന്നു. തന്നെ ‘പെയ്ഡ് ഏജന്റ്’ എന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്കുശേഷമുള്ള പ്രാര്‍ത്ഥനയ്ക്ക് തയ്യാറെടുക്കവേ പൊലീസ് മോട്ടോര്‍ ബൈക്കിലെത്തി തന്നെ വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പൊലീസ് രാഷ്ട്രീയ നേതാക്കളേയും ആക്ടിവിസ്റ്റുകളേയും കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. അതിന്റെ ഭാഗമായാണ് എന്നെ വിളിച്ചതെന്നായിരുന്നു കരുതിയത്.

‘ജമ്മുകശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് ഷോപ്പിയാന്‍ സന്ദര്‍ശിക്കാന്‍ വരുന്നുണ്ടെന്ന് അവര്‍ എന്നോടു പറഞ്ഞു. ഡി.ജി.പി സര്‍ക്കാര്‍ പ്രതിനിധിയായതിനാലും ഞാന്‍ സാമൂഹ്യ പ്രവര്‍ത്തകനായതിനാലും പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. മോട്ടോര്‍സൈക്കിളിലൊന്നില്‍ ഞാനും കയറി. പ്രദേശവാസികളെ 72 മണിക്കൂറായി വീട്ടില്‍ പുട്ടിയിട്ടിരിക്കുന്നതിനാല്‍ ഞാന്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ഡി.ജി.പിയെ അറിയിക്കേണ്ടതുണ്ടെന്ന് തോന്നി. ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പള്ളികമ്മിറ്റിയിലെ അഞ്ചാറ് പേര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് പത്തുമിനിറ്റ് കാത്തിരുന്നിട്ടും ആരും ഒന്നും പറയാതായതോടെ ‘എന്നെ ഏതു സെല്ലിലാണ് പൂട്ടിയിടുന്നത്? ഇവിടെയോ അല്ലെങ്കില്‍ തീഹാര്‍ ജയിലിലോ?’ എന്ന് ഞാന്‍ ചോദിച്ചു.

പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരാരും ഇല്ലാത്തതിനാല്‍ ഞാന്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു. ഭക്ഷണം കഴിച്ച് തിരിച്ചുവരുമെന്ന് പറഞ്ഞു.

ഞങ്ങള്‍ സ്റ്റേഷനില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയ നിമിഷം ഒരു ആംബുലന്‍സുമായി പൊലീസ് വാഹനം വന്നു. ഞങ്ങളെ എല്ലാവരേയും ആംബുലന്‍സില്‍ കയറ്റി, ഷോപ്പിയാനിലെ ശ്രീനഗര്‍ ബസ്റ്റോപ്പിന് അരികില്‍ കന്നുകാലികളെ തള്ളുംപോലെ ഇറക്കി. അവിടെ എത്തിയപ്പോള്‍ പ്രദേശം മുഴുവന്‍ സൈന്യവും പൊലീസ് വാഹനങ്ങളും നിറഞ്ഞുനില്‍ക്കുന്നതാണ് കണ്ടത്.

ആംബുലന്‍സില്‍ നിന്നും ഇറങ്ങിയശേഷം എന്നെ ഷോപ്പിയാന്‍ പൊലീസ് സൂപ്രണ്ട് സന്ദീപ് ചൗധരി സ്വീകരിച്ചു. അതിനു പിന്നാലെ ഞാന്‍ ഡി.ജി.പിയെ കണ്ട് 72 മണിക്കൂറായി വീട്ടുതടങ്കലില്‍ കഴിയേണ്ടിവരുന്ന ജനങ്ങളുടെ അവസ്ഥ വിവരിച്ചു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍ ഡി.ജി.പി സാഹിബ് എന്നെ ജാക്കറ്റ് ധരിച്ച ഒരാളുടെ കടുത്ത് കൊണ്ടുപോയി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പറഞ്ഞു. ദോവലിനെ ഞാന്‍ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലായിരുന്നു.’ അദ്ദേഹം പറയുന്നു.

ദോവലുമായുള്ള സംഭാഷണം മന്‍സൂര്‍ വിവരിക്കുന്നതിങ്ങനെ

ദോവല്‍: നോക്കൂ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി

ഞാനൊന്നും മറുപടി പറഞ്ഞില്ല.

ദോവല്‍: ജനങ്ങള്‍ക്ക് ഗുണമാകും. ദൈവം എല്ലാം നോക്കിക്കോളും

‘ഇന്‍ശാ അള്ളാ’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.

അദ്ദേഹം പിന്നീട് വികസനത്തേയും തൊഴിലവസരങ്ങളേയും കുറിച്ച് സംസാരിച്ചു. ഇതെല്ലാം പകര്‍ത്തി അഞ്ചെട്ട് ക്യാമറാമാന്‍മാര്‍ അവിടെയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more