ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ വിരമിച്ച സൈനികരുടെ ഹരജി; ഹരജി നല്‍കിയവരില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥനും
Kashmir Turmoil
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ വിരമിച്ച സൈനികരുടെ ഹരജി; ഹരജി നല്‍കിയവരില്‍ കേരള കേഡര്‍ ഉദ്യോഗസ്ഥനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 11:06 pm

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ ഹരജി. സുപ്രീംകോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്.

മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, റിട്ട. മേജര്‍ ജനറല്‍ അശോക് മെഹ്ത തുടങ്ങി ആറുപേര്‍ ചേര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ജമ്മു കശ്മീര്‍ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് നല്‍കുന്ന ബലത്തില്‍ പ്രത്യേക സ്വയംഭരണ പദവി അവര്‍ക്ക് ലഭ്യമായിരുന്നു.

370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു. കൂടാതെ 370 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാര്‍ശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാന്‍ ആവില്ലെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

ജനഹിതം നോക്കാതെയും നിയമസഭയില്‍ ചര്‍ച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപീക്കാതെയുമാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ നടപടി എടുത്തിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.

2010-11 കാലഘട്ടത്തില്‍ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില്‍ അംഗമായിരുന്ന രാധാ കുമാര്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഹിന്ദാല്‍ ഹൈദാര്‍, അമിതാഭ പാണ്ഡെ, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഗോപാല്‍ പിള്ള തുടങ്ങിയവരാണ് മറ്റു ഹരജിക്കാര്‍.

WATCH THIS VIDEO: