ശ്രീനഗര്‍: സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗവര്‍ണ്ണര്‍ സത്യപാല്‍ നായികുമായി കൂടികാഴ്ച്ച നടത്തി.
താഴ്‌വരയില്‍ എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
അമര്‍നാഥ് യാത്ര വെട്ടികുറച്ച് തീര്‍ഥാടകര്‍ എത്രയും വേഗം കശ്മീര്‍ വിടണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം.
നേരത്തെ ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും മറുപടി നല്‍കുന്നില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
അമര്‍നാഥ് തീര്‍ഥാടകരെ പ്രത്യേക ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ സുരക്ഷയും ഭദ്രതയും ഉറപ്പു വരുത്താനായി തീര്‍ഥാടകരോട് അവരുടെ യാത്ര വെട്ടിച്ചുരുക്കണമെന്ന് നിര്‍ദേശിക്കുകയാണ്. എത്രയും വേഗം കശ്മീര്‍ വിടാനുള്ള നടപടിക്രമങ്ങളും സ്വീകരിക്കണം’.എന്നാണ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.
അമര്‍നാഥ് പാതയില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി തീര്‍ഥാടനം അവസാനിപ്പിക്കാനുള്ള നിര്‍ദേശം എത്തിയിരിക്കുന്നത്.