| Monday, 5th August 2019, 7:46 am

ഒമറിനും മെഹ്ബൂബയ്ക്കും പിന്നാലെ സി.പി.ഐ.എം നേതാവ് തരിഗാമിയും വീട്ടുതടങ്കലില്‍; കശ്മീരില്‍ ഭയാന്തരീക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീരില്‍ സൈനികനീക്കം ശക്തമാക്കിയതിനു തൊട്ടുപിറകെ പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി വീട്ടുതടങ്കലിലാക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ക്കു പുറമേ സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരുമാണ് വീട്ടുതടങ്കലിലായത്.

ഇവരെ വീട്ടുതടങ്കലിലാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇന്നലെ അര്‍ധരാത്രിയിലായിരുന്നു സൈനികനീക്കം. കഴിഞ്ഞയാഴ്ചയാണ് കേന്ദ്രം കശ്മീരില്‍ രണ്ടുതവണയായി 38,000 അര്‍ധസൈനികരെ വിന്യസിച്ചത്.

കൂടാതെ ശ്രീനഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുമുണ്ട്.

ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ ട്വിറ്ററിലൂടെയാണ് തങ്ങള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിക്കുന്നത്. തുടര്‍ന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം സംസ്ഥാനത്തുടനീളം വിച്ഛേദിക്കുകയും ചെയ്തു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒട്ടാകെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഇന്ന് അര്‍ദ്ധരാത്രിയില്‍ ഞാന്‍ വീട്ടുതടങ്കലിലാവുമെന്ന് ഞാന്‍ കരുതുന്നു. മറ്റ് നേതാക്കളും ഇത് കരുതിയിരിക്കണം. അള്ളാഹു രക്ഷിക്കട്ടെ’, ഒമര്‍ അബ്ദുള്ള നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

നേരത്തേ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് സംസ്ഥാനത്തു സുരക്ഷ കര്‍ശനമാക്കിയത്. തുടര്‍ന്നു സംസ്ഥാനത്തു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമവും ഉണ്ടായി.

അമര്‍നാഥ് തീര്‍ഥാടകരും വിദേശസഞ്ചാരികളും സംസ്ഥാനം വിടണമെന്നായിരുന്നു കേന്ദ്ര മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കൈയില്‍ കിട്ടുന്നതെല്ലാമെടുത്ത് ഇതരസംസ്ഥാന തൊഴിലാളികളും സംസ്ഥാനം വിടുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.

‘വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നത് കശ്മീര്‍ പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷിതമല്ലെന്നാണ്.’- വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more