ജനീവ: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ, പാകിസ്താനുമായി ചര്‍ച്ച ചെയ്യണമായിരുന്നെന്ന് ചൈന. യു.എന്‍ രക്ഷാസമിതിയിലാണ് ചൈന ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് പ്രശ്‌നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ഇന്ന് ചര്‍ച്ച നടന്നത്.
കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു.
കശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യോഗത്തില്‍ റഷ്യയും ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് ബ്രിട്ടനും ഫ്രാന്‍സും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം കൗണ്‍സില്‍ യോഗത്തിന് മുന്‍പ് പാകിസ്ഥാന്‍ അമേരിക്കയുടെ പിന്തുണ തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ട്രംപിനെ ഇമ്രാന്‍ ഖാന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ഐക്യരാഷ്ട്ര രക്ഷാസമിതി തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങിനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം.