ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. ജനാധിപത്യപരമായല്ലാതെ കശ്മീരില്‍ ഒരു പരിഹാരത്തിനും സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ലോകത്ത് ജനാധിപത്യപരമായ മാനദണ്ഡം കൈവരിക്കന്‍ ഒരുപാട് പരിശ്രമിച്ച ഒരു രാജ്യം, ജനാധിപത്യം നടപ്പിലാക്കിയ ആദ്യ പശ്ചാത്യേതര രാജ്യം തുടങ്ങിയ മേന്മകള്‍ നഷ്ടപ്പെടുന്നതിനാല്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനിപ്പോള്‍ അഭിമാനിക്കുന്നില്ല.’
കശ്മീരിന് പുറത്തുനിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങുന്നത് തടഞ്ഞിരുന്ന ആര്‍ട്ടിക്കിള്‍ 35 A റദ്ദാക്കിയതിനേയും അദ്ദേഹം വിമര്‍ശിച്ചു. കശ്മീര്‍ കശ്മിരീകളുടേതാണെന്നിരിക്കെ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അവരാണെന്ന് സെന്‍ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് വഴി കശ്മീരില്‍ ഉണ്ടായേക്കാവുന്ന ‘അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍’ സര്‍ക്കാര്‍ നേരത്തെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും അതിനായാണ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയത് എന്ന വാദത്തേയും അദ്ദേഹം പരിഹസിച്ചു.
‘കൊളോണിയലിസത്തിന്റെ ഏറ്റവും വിശിഷ്ടമായ ഒഴിവുകഴിവാണ് അത്. 200 വര്‍ഷം ബ്രിട്ടീഷുകാര്‍ ഈ രീതിയിലാണ് രാജ്യം ഭരിച്ചത്. ആളുകളെ തടവിലാക്കുന്ന അവരുടെ കൊളോണിയല്‍ പാരമ്പര്യത്തിലേക്ക് നമ്മള്‍ തിരിച്ചുപോകുമെന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒരിക്കല്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.’- സെന്‍ പറഞ്ഞു.
ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നത്. ഇതുവഴി കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 35 A യും ഇല്ലാതായിരുന്നു. കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയുള്ള കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.