| Sunday, 25th August 2019, 9:27 pm

കശ്മീര്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്തു; പകരം ദേശീയ പതാക ഉയര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്നു സംസ്ഥാന പതാക നീക്കം ചെയ്തു. പകരം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തി.

പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും സംസ്ഥാന പതാക നീക്കം ചെയ്തു വരികയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് സെക്രട്ടേറിയറ്റിലെ പതാക നീക്കുന്നത്.

ഇനി ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയ പതാക മാത്രമേ കാണാനാകൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറിലാണ് ജമ്മു കശ്മീരിന്റെ ഭരണ സിരാകേന്ദ്രമായ സിവില്‍ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്നത്.

കശ്മീരിനു സ്വന്തമായുണ്ടായിരുന്ന സംസ്ഥാന പതാകയാണ് ഇതുവരെ സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും ഉണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഈ പതാക ഔദ്യോഗികമല്ലാതായി.

കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഭാഗമായി സുരക്ഷ കര്‍ശനമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും നിയന്ത്രണങ്ങളും സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള, സി.പി.ഐ.എം നേതാവ് എം.വൈ തരിഗാമി തുടങ്ങിയവര്‍ ഇപ്പോഴും തടങ്കലിലാണ്. ഇവര്‍ എവിടെയെന്നതിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ നിയന്ത്രണങ്ങള്‍ കാരണം കശ്മീരില്‍ മരുന്നുകള്‍ ലഭിക്കാനില്ലാതെ രോഗികള്‍ മരണത്തെ മുഖാമുഖം കാണുകയാണെന്ന് ആരോപണം വന്നിരുന്നു. എന്നാല്‍ അവ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിഷേധിച്ചു.

We use cookies to give you the best possible experience. Learn more