ശ്രീനഗര്‍: സംസ്ഥാനത്തെ ചില ‘തെരഞ്ഞെടുക്കപ്പെട്ട കൊലപാതകങ്ങള്‍’ (സെലക്ടീവ് കില്ലിംഗ്) അവസാനിച്ച ശേഷം കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ബി.ജെ.പി ജമ്മു കശ്മീര്‍ ഘടകം.
നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന ചില തെരഞ്ഞെടുക്കപ്പെട്ട കൊലപാതകങ്ങളില്‍ ബി.ജെ.പി ആശങ്കാകുലരാണെന്ന് ബി.ജെ.പി നേതാവ് അശോക് കൗള്‍ വടക്കന്‍ കശ്മീരിലെ ബന്ധിപോരയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘ഇത്തരം തെരഞ്ഞെടുക്കപ്പെട്ട കൊലപാതകങ്ങള്‍ ബി.ജെ.പി നേതാക്കളെ ലക്ഷ്യം വെച്ചുള്ളതാണ്. ഇക്കാര്യത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കാകുലരാണ്.
ബി.ജെ.പി പ്രവര്‍ത്തകരെ മാത്രമല്ല കശ്മീര്‍ പൗരന്മാരല്ലാത്തവരേയും മുസ്‌ലിങ്ങളല്ലാത്തവരേയും ഇത്തരമാളുകള്‍ ലക്ഷ്യം വെക്കുന്നു. ചിലപ്പോള്‍ മുസ്‌ലിങ്ങളും കൊല്ലപ്പെടുന്നു,’ കൗള്‍ പറഞ്ഞു.
‘എപ്പോഴാണോ കശ്മീരിലെ സ്ഥിതി മെച്ചപ്പെടുന്നത്, എപ്പോഴാണോ ഇവിടുത്തെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാവുന്നത്, എപ്പോഴാണോ ഇത്തരം സെലക്ടീവ് കൊലപാതകങ്ങള്‍ അവസാനിക്കപ്പെടുന്നത്, എപ്പോഴാണോ കശ്മീരിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്നത് അപ്പോള്‍ കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കപ്പെടും,’ കൗള്‍ പറഞ്ഞു.
സംസ്ഥാനത്ത് ഉടന്‍ തന്നെ തെരഞ്ഞെടുപ്പുകള്‍ നടക്കുമെന്നും കൗള്‍ വ്യക്തമാക്കി.
‘അതിര്‍ത്തി നിര്‍ണയ കമ്മീഷന് അടുത്ത വര്‍ഷം മാര്‍ച്ച് 6 വരെ സമയം നല്‍കിയിട്ടുണ്ട്. 90 സീറ്റുകളുടെ വിഭജനം സംബന്ധിച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ സമര്‍പ്പിച്ചാലുടന്‍ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കും,’ കൗള്‍ പറഞ്ഞു.