ന്യൂദല്‍ഹി: ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ സംസ്ഥാനം കശ്മീരോ കേരളമോ ബംഗാളോ ആകുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും ഉത്തര്‍പ്രദേശിന് കിട്ടിയാല്‍ അത് അത്ഭുതമായിരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു.
‘ബി.ജെ.പി അധികാരത്തില്‍ വന്നില്ലെങ്കില്‍ യു.പി കശ്മീരിനെ പോലെയോ, ബംഗാള്‍ അല്ലെങ്കില്‍ കേരളത്തിനെ പോലെയോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടര്‍മാരോട് പറയുന്നു. യു.പി ഭാഗ്യം ചെയ്യണം. കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും ഈ സംസ്ഥാനത്തിന് കിട്ടിയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ നിലവില്‍ യു.പി അതിന്റെ സര്‍ക്കാറിന്റെ കാര്യത്തില്‍ ദയനീയമാണ്,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ യു.പി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്.
വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്. ഇതിന്റെ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.
യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നത്.
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.
ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kashmir’s beauty, Bengal’s culture, Kerala’s education will do wonders for UP: Tharoor