| Friday, 4th October 2013, 1:25 pm

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്: എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. 3 പേര്‍ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചു.  അബ്ദുല്‍ ജബ്ബാര്‍, സര്‍ഫ്രാസ് നവാസ്, സാബിര്‍ എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം.

കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കും അമ്പതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുവദിക്കേണ്ടി വരും.

രാജ്യത്തിനെതിരെ യുദ്ധം ചെയ്തവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നേരത്തേ മറ്റൊരു കേസില്‍ ##തടിയന്റവിടെ നസീറിന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.

തന്നെ ബംഗളുരു ജയിലിലാക്കണമെന്ന് തടിയന്റവിടെ നസീര്‍ ആവശ്യപ്പെട്ടു. താടി വളര്‍ത്താനും തൊപ്പി വെക്കാനും അനുവദിക്കണമെന്നും നസീര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അബ്ദുല്‍ ജബ്ബാറിന്റെ ആവശ്യം. ജബ്ബാറിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആകെ 24 പ്രതികളുള്ള കേസില്‍ 18 പേരെയാണ് പിടികൂടിയത്.

ഇതില്‍ 5 പേരെ തെളിവുകളുടെ അഭാവത്തില്‍  കോടതി വെറുതെ വിട്ടു. മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കേസിലെ പ്രതിയായ പാക് പൗരന്‍ വാലിയെയും കണ്ണൂര്‍ സ്വദേശി സാബിറിനേയും പിടികൂടാനായിട്ടില്ല. യുവാക്കളെ റിക്രൂട്ട് ചെയ്തത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ സാമ്പത്തിക സഹായത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

2008 ഒക്ടോബറില്‍ കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 2003-2008 കാലത്ത് കേരളത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നും യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്.

പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച നാല് പേരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തല്‍. 2012 ഫെബ്രുവരിയിലാണ് എന്‍.ഐ.എ കോടതി വിചാരണ ആരംഭിച്ചത്.

We use cookies to give you the best possible experience. Learn more