| Friday, 15th February 2019, 8:35 am

സ്‌ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല; സുരക്ഷാ വീഴ്ച്ചയെന്ന് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിലുണ്ടായിരിക്കുന്നത് സുരക്ഷാവീഴ്ചയെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.

വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടന കശ്മീരില്‍ ആക്രമണം നടത്തുമെന്നുള്ള സൂചനകള്‍ നേരത്തെ നല്‍കിയിരുന്നെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read Also : ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ച; ജയ്‌ഷെ നല്‍കിയ സൂചന സുരക്ഷാ ഏജന്‍സികള്‍ അവഗണിച്ചു

കാശ്മീര്‍ പൊലീസ് ഐ.ജി ഫെബ്രുവരി എട്ടിന് തന്നെ സി.ആര്‍.പി.എഫ്, ആര്‍മി, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എയര്‍ഫോഴ്സ് എന്നിവയ്ക്ക് ഐ.ഇ.ഡി (ഇന്റന്‍സീവ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനങ്ങളുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഭീകരാക്രമണമായിരുന്നു ജയ്‌ഷെ പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതു സംബന്ധിച്ചു ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേണ്ട സുരക്ഷ മുന്‍കരുതലുകള്‍ ഒന്നുംതന്നെ ഏജന്‍സികള്‍ സ്വീകരിച്ചില്ലായെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം; പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടിയില്‍ ശുഷ്‌കമായ പങ്കാളിത്തം (വീഡിയോ)

തെക്കല്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് ആക്രമണം നടന്നത്. ശ്രീനഗറില്‍ നിന്ന് 38 കിലോ മീറ്റര്‍ അകലം. വൈകീട്ട് 3.15ന്. 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് സുരക്ഷാ വിന്യാസത്തിനായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്‍.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more