| Saturday, 23rd February 2019, 10:45 am

കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് സൈന്യത്തെക്കൊണ്ടല്ല, രാഷ്ട്രീയമായാണ്: രാഷ്ട്രപതിക്ക് മുന്‍ നാവികസേനാ മേധാവിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ പ്രശ്‌നത്തിന് സൈന്യത്തെ ഉപയോഗിച്ചല്ല പരിഹാരം കാണേണ്ടതെന്ന് നിര്‍ദേശിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ ലക്ഷ്മിനാരായണ്‍ രാംദാസിന്റെ കത്ത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ പ്രശ്‌നം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് നാവികസേനാ മേധാവി കത്തയച്ചിരിക്കുന്നത്.

കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ഫെബ്രുവരി 20ന് നല്‍കിയ കത്തില്‍ രാംദാസ് പറയുന്നു. ചില ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അങ്ങനെയിരിക്കെ തന്ത്രപ്രധാനമായ ആ ഹൈവേയില്‍ ഇത്തരമൊരു ആക്രമണം എങ്ങനെ നടന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യയും പാക്കിസ്ഥാനും ജമ്മുകശ്മീരിലെ ജനങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിയേ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു. ” നമ്മള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കണം. ബന്ധപ്പെട്ട എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം പരിഹരിക്കണം. ഇപ്പോള്‍ തന്നെ നമ്മള്‍ ഏറെ വൈകിയിരിക്കുന്നു?” അദ്ദേഹം കുറിക്കുന്നു.

Also read:ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ” പെട്ടെന്നു തന്നെ രാജ്യമെമ്പാടുമുള്ള മുസ്‌ലീങ്ങള്‍ക്കെതിരെ അക്രമം തുടങ്ങി. ഇത് തുടരാന്‍ അനുവദിച്ചുകൂടാ. അത് വ്യാപിക്കുകയാണെങ്കില്‍ വിലയിരുത്താന്‍ പോലും പറ്റാത്തത്ര വലിയ പ്രത്യാഘാതമുണ്ടാക്കും” അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

നിരപരാധികളായ കശ്മീരികള്‍ക്കെതിരെ ആഞ്ഞടിക്കുന്ന ഭീകരമായ മാധ്യമ യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടേണ്ടതുണ്ട്. ഭീതിയുടെയും അരക്ഷിതാവസ്ഥയുടേയും അന്തരീക്ഷം വ്യാപിക്കാതിരിക്കാനുള്ള സത്വര നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more