കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന സ്ഥലമാണ് കാന്തല്ലൂർ. ആപ്പിളും ക്യാരറ്റും സ്ട്രോബെറിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഗ്രാമം. ചുവന്ന് തുടുത്ത് വിളഞ്ഞു നില്ക്കുന്ന ആപ്പിള്‍ തോട്ടം കാണാനും ഫ്രഷ് ആപ്പിള്‍ കൈയെത്തിച്ചു പൊട്ടിക്കാനും ആഗ്രഹിക്കുന്നവര്‍ നേരെ കാന്തല്ലൂര്‍ക്ക് വണ്ടി കയറിക്കൊള്ളൂ. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കാന്തല്ലൂരിലെ ആപ്പിൾ സീസൺ. ആപ്പിൾ മാത്രമല്ല പ്ലം, സ്ട്രോബെറി, ഓറഞ്ച്, മുസംബി, മാതളം തുടങ്ങി പലതരത്തിലുള്ള പഴവർഗങ്ങളും പച്ചക്കറികളും ധാരാളം കൃഷി ചെയ്യുന്ന സ്ഥലം കൂടിയാണ് കാന്തല്ലൂർ.
മൂന്നാറിനും ഉദുമൽപേട്ടിനും ഇടയിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും മറയൂര്‍ ദിശയില്‍ 50കിമീ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെത്താം. കാന്തല്ലൂര്‍ ആപ്പിള്‍ ഇവിടെ മാത്രം വിളയുന്ന പ്രത്യേകയിനം ആപ്പിളാണ്. ചതുരാകൃതി തോന്നിക്കുന്ന രൂപവും കടും ചുവപ്പ് നിറവും ഇടത്തരം വലുപ്പവും ആണ് പ്രത്യേകത.
പഴങ്ങളുടെയും പച്ചക്കറികളുടെയും മാത്രമല്ല മലകൾ അതിർത്തി കാക്കുന്ന ഗ്രാമം കൂടിയാണ് കാന്തല്ലൂർ. ചുറ്റോടുചുറ്റും ഉയർന്നു നിൽക്കുന്ന മലനിരകളാണ് കാന്തല്ലൂരിന് അതിർത്തി തീർക്കുന്നത്. കണ്ണൻദേവൻ മലനിരകൾ, വട്ടവട, മറയൂർ, കീഴന്തൂർ, കൊട്ടക്കമ്പൂർ തുടങ്ങിയവയാണ് കാന്തല്ലൂരിന്റെ അതിർത്തി പ്രദേശങ്ങൾ.
കാന്തല്ലൂർ പോകുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് മറയൂർ. മറഞ്ഞിരിക്കുന്നവരുടെ ഊര് എന്നാണ് മറയൂരിനർഥം. ഇവിടുത്തെ പ്രധാന ആകർഷണം മറയൂര്‍ ശര്‍ക്കര നിര്‍മാണമാണ്. ശര്‍ക്കര ഉണ്ടാക്കുന്ന ചെറിയ സ്ഥലങ്ങളും കരിമ്പുപാടങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. മറയൂര്‍ ഉണ്ട ശര്‍ക്കര പ്രസിദ്ധമാണ്.
കരിമ്പിന് ജ്യൂസില്‍ നിന്നും ശര്‍ക്കര ഉണ്ടാക്കുന്നത് കൗതുകം നിറഞ്ഞ കാഴ്ച്ചയാണ്. അടുപ്പുകൂട്ടി വലിയ കൊട്ട വഞ്ചിയുടെ ആകൃതിയിലുള്ള പാത്രത്തില്‍ കരിമ്പിന് നീര് ഒഴിക്കുന്നു. രണ്ടും മൂന്നും പേര് ഒരുമിച്ച് നിന്ന് പാത്രത്തിലേക്ക് കരിമ്പിന് നീര് ഇളക്കിയശേഷം ഉറച്ചപാനി ഉരുട്ടി ശര്ക്കരയാക്കുന്നു.
ആവശ്യക്കാര്‍ക്ക് നേരിട്ട് വിലകുറച്ച് ഇവിടങ്ങളില്‍ നിന്ന് ശര്‍ക്കര ലഭിക്കുന്നു.
തിരക്കുകളില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്ക്കുന്ന ഈ ഗ്രാമപ്രദേശത്തിന് വൈവിധ്യമാര്‍ന്ന കാര്‍ഷിക സമൃദ്ധികൊണ്ടും ഏതൊരാളിന്റെയും മനസില്‍ കുളിരുകോരിയിടുന്ന കാലാവസ്ഥകൊണ്ടും കേരളത്തിന്റെ പ്രമുഖ വിനോദ സഞ്ചാരമേഖലയില്‍ തനതായൊരു സ്ഥാനമുണ്ട്. പ്രകൃതിയെ തൊട്ടറിഞ്ഞ് യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ നേരെ മൂന്നാറിൽ നിന്നും മറയൂർ വഴി കാന്തല്ലൂരിലേക്ക് പോകാം..