| Wednesday, 11th December 2019, 7:59 am

'ജീവന്‍ വേണോ പ്രൊഫഷന്‍ വേണോ എന്നതാണ് അവര്‍ നേരിടുന്ന ചോദ്യം'; കശ്മീരില്‍ മാധ്യമങ്ങള്‍ വെന്റിലേറ്ററിലെന്ന് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരിലേര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്കു പിന്നാലെ കശ്മീരില്‍ മാധ്യമങ്ങള്‍ വെന്റിലേറ്ററിലെന്ന് ‘കശ്മീര്‍ ടൈംസ്’ എഡിറ്റര്‍ അനുരാധ ബാസിന്‍. നാലുമാസമായി ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ കശ്മീരില്‍ ലഭിക്കുന്നില്ലെന്നും മീഡിയാ റൂമില്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ള ഏഴ് കമ്പ്യൂട്ടറുകള്‍ മാത്രമുപയോഗിച്ചാണ് ഇപ്പോഴും എല്ലാ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

‘ഒരു മാധ്യമപ്രവര്‍ത്തകന് ആകെ 15 മിനുട്ട് മാത്രമാണ് സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സമയം ലഭിക്കുക. മാധ്യമപ്രവകര്‍ത്തകരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതരാണ്. ജീവന്‍ വേണോ പ്രൊഫഷന്‍ വേണോ എന്നതാണ് അവര്‍ നേരിടുന്ന ചോദ്യം’, അനുരാധ ബാസിന്‍ പറഞ്ഞു.

തൃശൂരില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള മീഡിയ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യം കശ്മീരിനായി’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കശ്മീരില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിനെതിരെ അനുരാധ മുമ്പും രംഗത്തെത്തിയിരുന്നു. താഴ്വരയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത നിയന്ത്രണമാണ് നേരിടുന്നതെന്നും ഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചതിനാല്‍ റിപ്പോര്‍ട്ടിങ്ങിന് തടസമുണ്ടെന്നും ‘ദി ലോജിക്കല്‍ ഇന്ത്യന്’ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

ശ്രീനഗര്‍ ബ്യൂറോയിലെ എട്ടോളം റിപ്പോര്‍ട്ടേഴ്സുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. മറ്റ് ജില്ലകളിലെ ഞങ്ങളുടെ കറസ്‌പോണ്ടന്റുകളെയും സ്ട്രിംഗേഴ്സിനേയും കുറിച്ച് ഞങ്ങള്‍ക്കറിയില്ല. അവരുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.- അനുരാധ ബാസിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഴ്വരയില്‍ ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ പുന സ്ഥാപിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദത്തെയും അവര്‍ എതിര്‍ത്തും. മിക്ക ആളുകള്‍ക്കും അവിടെ ലാന്‍ഡ്‌ലൈന്‍ ഫോണുകളില്ലെന്നും ഓഫീസുകള്‍ ഉള്‍പ്പെടെ മൊത്തം ഒരു ലക്ഷം ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നായിരുന്നു ഇവരുടെ മറുപടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more