| Saturday, 15th September 2018, 9:41 pm

കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ് നാലുഘട്ടമായി; മത്സരിക്കില്ലെന്ന് പി.ഡി.പിയും നാഷനല്‍ കോണ്‍ഫറന്‍സും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ എട്ട് മുതല്‍ 16 വരെ നാലു ഘട്ടങ്ങളായി നടത്താന്‍ തീരുമാനമായി. നഗരസഭകള്‍ക്കു ശേഷമായിരിക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഷലീന കബ്ര അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് പ്രയോജനപ്പെടുത്താമെന്നും ഷലീന കബ്ര അറിയിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബര്‍ 18ന് പുറത്തിറങ്ങും.


നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 25. പിന്‍വലിക്കാനുള്ള തിയ്യതി 28. രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം 20ന് പുറപ്പെടുവിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

ഒക്ടോബര്‍ എട്ട്, 10,13,16 തിയ്യതികളിലായിരിക്കും വോട്ടെടുപ്പ്. 20ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, കശ്മീരിലെ പ്രധാന പാര്‍ട്ടികളായ നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ്.

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ വകുപ്പില്‍ കേന്ദ്രനിലപാട് അനുകൂലമാകണമെന്ന ആവശ്യമാണ് കക്ഷികള്‍ ഉന്നയിക്കുന്നത്. പി.ഡി.പിയുമായി ബി.ജെ.പി സഖ്യം അവസാനിപ്പിച്ചതിനാല്‍ ജൂണ്‍ മുതല്‍ കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിലാണ്. അതേസമയം, കാശ്മീരില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.

We use cookies to give you the best possible experience. Learn more