| Monday, 17th April 2017, 10:29 am

ജീപ്പിനു മുന്‍പില്‍ കാശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സൈനികരുടെ ജീപ്പിനു മുന്‍പില്‍ കാശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമൊരുക്കിയ നടപടിയില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ പൊലീസിന്റെ എഫ്.ഐ.ആര്‍.

യുവാവിനെ തട്ടിക്കൊണ്ടു പോകുക, മനുഷ്യകവചമായി ഉപയോഗിക്കുക തുടങ്ങിയ നടപടികളില്‍ സൈന്യത്തിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മുഖ്യമന്ത്രി മെഹബൂബ മഫ്തി ജമ്മു കശ്മീര്‍ പൊലീസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം മരിക്കുകയല്ലെങ്കില്‍ പ്രവര്‍ത്തിക്കുകയെന്ന ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും മനുഷ്യ കവചമായി യുവാവിനെ ഉപയോഗിച്ചില്ലെങ്കില്‍ സൈന്യത്തിനു നേരെ വന്‍ കല്ലേറ് ഉണ്ടാകുമായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

ജനക്കൂട്ടം സൈന്യത്തിനെതിരെ കല്ലെറിയുന്നത് പതിവായ ജമ്മു കശ്മീരില്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് അവരില്‍ നിന്നും ഒരാളെ പിടിച്ച് വാഹനത്തിനു മുന്‍പില്‍ കെട്ടിയിട്ടതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്.


Dont Miss സൈനികര്‍ സംയമനം പാലിക്കണം; കാശ്മീരിലെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി 


തന്നെ ജീപ്പില്‍ കെട്ടിയിട്ട് സൈന്യം ഒമ്പതു ഗ്രാമങ്ങള്‍ ചുറ്റിയെന്ന് കശ്മീരില്‍ സി.ആര്‍.പി.എഫിന്റെ അതിക്രമത്തിന് ഇരയായ 26കാരന്‍ ഫാറൂഖ് അഹമ്മദ് ദര്‍ പറഞ്ഞിരുന്നു. താനൊരു കല്ലേറുകാരനല്ലെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ ഒമ്പതിനു രാവിലെ 11 മണിയോടെ നാലു മണിക്കൂറോളമാണ് അഹമ്മദിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ടു യാത്രചെയ്തത്.

ബന്ധുമരിച്ചതിന്റെ നാലാംദിന ചടങ്ങില്‍ പങ്കെടുക്കാനായി വീട്ടില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയുള്ള ഗാംപോരയിലേക്കു പോകവെയായിരുന്നു ദാര്‍ സൈന്യത്തിന്റെ അതിക്രമത്തിന് ഇരയായത്.

അള്‍ട്ടിഗാമില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിനെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് കണ്ട് വാഹനം നിര്‍ത്തിയ അഹമ്മദിനെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പു തന്നെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോവുകയും മര്‍ദ്ദിച്ചതിന് ശേഷം ജീപ്പിന് മുകളില്‍ കെട്ടിയിട്ട് ഒന്‍പത് ഗ്രാമങ്ങള്‍ ചുറ്റുകയായിരുന്നു.

സ്ത്രീകള്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെ അവര്‍ ഓടുകയായിരുന്നു.

“വണ്ടി നീങ്ങവെ പട്ടാളക്കാര്‍ കാണുന്നവരോടൊക്കെ രോഷംകൊള്ളുന്നുണ്ടായിരുന്നു. എറിയെടോ, കൂട്ടത്തിലുള്ളവനുനേരെ തന്നെ എറിയൂ.” എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുകണ്ട് ആളുകള്‍ ഭയന്നോടി. ഒരക്ഷരം മിണ്ടരുത്, മിണ്ടായാല്‍ വെടിവെച്ചുകൊല്ലും” എന്നാണ് തന്നോടു പറഞ്ഞതെന്നും അദ്ദേഹം പറയുന്നു.

ഓരോ ക്യാമ്പില്‍വെച്ചും തന്നെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു. ആര്‍.ആര്‍. ക്യാമ്പില്‍ മൂന്നു മണിക്കൂറോളമാണ് കഴിഞ്ഞത്. അവിടെവെച്ച് ഒരു കപ്പ് ചായ തന്നു. “രാത്രി എഴരയോടെ എന്റെ ഗ്രാമത്തിലെ സര്‍പഞ്ച് ബാഷിര്‍ അഹമ്മദ് മാഗ്രേയ്ക്കൊപ്പം എന്നെവിട്ടയച്ചു.” – അഹമ്മദ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more