| Monday, 3rd June 2019, 7:59 pm

കശ്മീരില്‍ വേണ്ടത് രാഷ്ട്രീയപരിഹാരം; ബലപ്രയോഗത്തിലൂടെ പരിഹാരമുണ്ടാക്കാമെന്ന് അമിത് ഷാ കരുതുന്നത് പരിഹാസ്യം- മെഹ്ബൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലേത് ഒരു രാഷ്ട്രീയപ്രശ്‌നമാണെന്നും അതിനു വേണ്ടത് രാഷ്ട്രീയ പരിഹാരമാണെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. പുതിയ ആഭ്യന്തരമന്ത്രി അമിത് ഷാ ബലപ്രയോഗത്തിലൂടെ പെട്ടെന്നൊരു പരിഹാരമുണ്ടാക്കാമെന്നാണു കരുതുന്നതെന്നും അതു പരിഹാസ്യമാണെന്നും മെഹ്ബൂബ അഭിപ്രായപ്പെട്ടു.

‘1947-നുശേഷം കശ്മീരില്‍ വന്നുപോയ സര്‍ക്കാരുകളുടെ കണ്ണിലൂടെ അവിടുത്തെ സുരക്ഷയെ ഒന്നു നോക്കിക്കാണുക. അതൊരു രാഷ്ട്രീയപ്രശ്‌നം തന്നെയാണ്. പാകിസ്താന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയപരിഹാരമാണ് അതിനുവേണ്ടത്.’- മെഹ്ബൂബ പറഞ്ഞു.

അതേസമയം ശനിയാഴ്ച രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റെടുത്ത ഷാ, ആദ്യ ഉദ്യമമായി കശ്മീരിനെയാകും ഏറ്റെടുക്കുക. സംഘപരിവാറിന്റെ ദീര്‍ഘകാല ശ്രമമാണ് കശ്മീരിന്റെ പ്രത്യേക പദവിയും സ്വയംഭരണാവകാശവും എടുത്തുമാറ്റുക എന്നുള്ളത്. ഇത്തവണ അവരതു പ്രകടനപത്രികയില്‍പ്പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കെതിരേ നയം രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും കേന്ദ്രം നേരത്തേ ആലോചിച്ചിരുന്നു. എന്നാല്‍ പാകിസ്താന്‍ അടക്കമുള്ളവരുമായി ഇക്കാര്യത്തില്‍ കേന്ദ്രം ചര്‍ച്ച നടത്താനുള്ള സാധ്യതകള്‍ വളരെ വിരളമാണ്.

അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നു മത്സരിച്ച മെഹ്ബൂബ ഇത്തവണ പരാജയപ്പെട്ടിരുന്നു. മാത്രമല്ല, മൂന്നാംസ്ഥാനത്തേക്ക് അവര്‍ പിന്തള്ളപ്പെട്ടിരുന്നു. പരാജയത്തിനുശേഷം അവര്‍ ആദ്യം നടത്തിയ പ്രതികരണം ഏറെ വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു അമിത് ഷായെ ആവശ്യമുണ്ടെന്നാണ് മുഫ്തി പറഞ്ഞത്. നല്ല നേതൃനിരയില്‍ മാത്രമാണ് വിജയമുണ്ടായതെന്നും കോണ്‍ഗ്രസിന് മുന്നില്‍ നിന്ന് നയിക്കാന്‍ ഒരാളില്ലാതായിരിക്കയാണെന്നും അവര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more