ശ്രീനഗര്‍: അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് ലിമിറ്റഡുമായുള്ള ഗ്രൂപ്പ് മെഡിക്ലെയിം കരാര്‍ ഉടന്‍ റദ്ദ് ചെയ്യുമെന്ന് ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കരാറിലെ വ്യാപക തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ കരാര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്.
സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും വേണ്ടിയാണ് ബി.ജെ.പി-പി.ഡി.പി സഖ്യ സര്‍ക്കാര്‍ റിലയന്‍സുമായി ചേര്‍ന്ന് ഈ പദ്ധതിയില്‍ ഒപ്പു വച്ചത്.
“ഞാന്‍ ഈ കരാറിനെക്കുറച്ച് പഠിച്ചു. സര്‍ക്കാര്‍ ഈ പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ചിട്ടില്ല എന്നതാണ് പ്രശ്നം. വെബ്സൈറ്റിലും സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചു കൊണ്ടുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ല”. മാലിക്ക് സി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന സ്വകാര്യസ്ഥാപനത്തിനു വേണ്ടി ടെന്‍ഡര്‍ അട്ടിമറിക്കപ്പെടുകയായിരുന്നു ആരോപണം.
also read: ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍
പി.ഡി.പിയുമായി സഖ്യത്തിലിരിക്കെ ബി.ജെ.പി സര്‍ക്കാര്‍ റിലയന്‍സിനനുകൂലമായി പദ്ധതിയുടെ ടെന്‍ഡര്‍ അട്ടിമറിച്ചതാണെന്നാരോപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്നാല്‍ റിലയന്‍സ് ഈ ആരോപണം അന്ന് നിഷേധിച്ചു. കൃത്യവും സുതാര്യമായതുമായ ടെന്‍ഡര്‍ നടപടികളിലൂടെയാണ് തങ്ങള്‍ കരാര്‍ നേടിയെടുത്തത് എന്നായിരുന്നു റിലയന്‍സിന്റെ വാദം.
ഗവര്‍ണറുടെ തീരുമാനം സന്തോഷകരമാണെന്ന് ജീവനക്കാരുടെ സംയുക്ത സമിതി പ്രസിഡന്റ് അബ്ദുള്‍ ഖയ്യൂം വാനി പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെഹ്ബൂബ മുഫ്തിയുടെ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി അവസാനിപ്പിച്ചതു മുതല്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാനത്ത് ജൂണ്‍ 20 മുതല്‍ ഗവര്‍ണര്‍ ഭരണമാണ്.