ബി.ജെ.പി സർക്കാർ കശ്മീരിനെ അഫ്​ഗാനിസ്ഥാനാക്കി മാറ്റി, ഫലസ്തീൻ ഇതിനേക്കാൾ ഭേദം: മെഹ്ബൂബ മുഫ്തി
national news
ബി.ജെ.പി സർക്കാർ കശ്മീരിനെ അഫ്​ഗാനിസ്ഥാനാക്കി മാറ്റി, ഫലസ്തീൻ ഇതിനേക്കാൾ ഭേദം: മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2023, 8:38 pm

ന്യൂദൽഹി: ജമ്മു കശ്മീരിൽ ഒഴിപ്പിക്കൽ നടപടിയുടെ പേരിൽ സാധാരണക്കാരന്റെ വീടുകൾ പൊളിച്ചു നീക്കുന്ന ബി.ജെ.പി സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹ്ബൂബ മുഫ്തി. ബി.ജെ.പി സർക്കാർ ജമ്മു കശ്മീരിനെ അഫ്ഗാനിസ്ഥാൻ ആക്കി മാറ്റിയെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ജമ്മുവിൽ നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു മെഹ്ബൂബയുടെ പരാമർശം.

ബി.ജെ.പി നടത്തുന്ന ക്രൂരതകൾക്കെതിരെ നിശബ്ദരായി നിൽക്കരുതെന്നും പ്രതിഷേധിക്കണമെന്നും മെഹ്ബൂബ മുഫ്തി പ്രതിപക്ഷ പാർട്ടികളോട് പറഞ്ഞു. ഭരണഘടനയെ ബുൾഡോസ് ചെയ്യാനും രാജ്യത്ത് ഭീകരതയുണ്ടാക്കാനുമാണ് ബി.ജെ.പിയുടെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.

‘ഫലസ്തീൻ ഇതിനേക്കാൾ ഭേദമാണ്. ജനങ്ങൾക്ക് സംസാരിക്കാനെങ്കിലും സാധിക്കും. കശ്മീർ അഫ്ഗാനിസ്ഥാനേക്കാൾ മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പാവപ്പെട്ടവന്റെ വീടുകൾ തകർക്കുന്നത് കൊണ്ട് സർക്കാർ എന്താണ് ലക്ഷ്യമാക്കുന്നത്,’ മെഹ്ബൂബ മുഫ്തി ചോദിച്ചു.

ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറയുന്നത് പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കില്ല എന്നാണ്. ഷീറ്റുകൊണ്ട് ഉണ്ടാക്കിയ ഷെഡുകൾ വരെ പൊളിച്ചുനീക്കുകയാണെന്നും അവർ പറഞ്ഞു.

സർക്കാരിനെതിരെ സംസാരിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണ്. ഭരണഘടന വ്യവസ്ഥകൾ പാലിച്ചാണോ ആർട്ടിക്കിൾ 370 പിൻവലിച്ചതെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരിലെ ഒഴിപ്പിക്കൽ നടപടികൾക്കെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് അവാമി ആവാസ് പാർട്ടി നടത്തിയ പ്രതിഷേധത്തിന് പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളുമായെത്തിയത്.

ഇന്ത്യ ഇസ്രാഈൽ അല്ലെന്നും, ജീവിക്കാൻ അനുവദിക്കണമെന്നും പ്രതിഷേധക്കാർ അധികാരികളോട് പറഞ്ഞു.

സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന നടപടി ലെഫ്റ്റനന്റ് ഗവർണർ ഉടൻ അവസാനിപ്പിക്കണമെന്ന് പാർട്ടി നേതാവ് നദീം അഹമ്മദ് പറഞ്ഞു.

‘മെഹ്ജൂർ നഗറിൽ കഴിഞ്ഞ ദിവസം ഒഴിപ്പിക്കൽ നടപടികൾ നടന്നിരുന്നു. അത് ആരെയാണ് ബാധിച്ചത്? പണക്കാരനോ, സ്വാധീനമുള്ളവനോ ആയ ആർക്കെങ്കിലും നടപടിയിൽ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചോ? ഇല്ല. എല്ലാം നഷ്ടപ്പെട്ടത് സാധാരണക്കാരായ ജനങ്ങൾക്കാണ്.

കുടിയൊഴിക്കപ്പെട്ടവരൊക്കെ പാവപ്പെട്ടവരാണ്, അവർ പരസ്പരം കൈകോർത്ത് ജീവിക്കുന്നവരാണ്. കുടിയൊഴിപ്പിക്കൽ നടപടികൾ സർക്കാർ പുനപരിശോധിക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ ശക്തമായിരിക്കും. കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയല്ലേ കശ്മീർ? കശ്മീരികളെ പുറത്താക്കി നിങ്ങൾ മറ്റുള്ളവർക്ക് ഭൂമി നൽകുകയാണ്’ അദ്ദേഹം പറഞ്ഞു.

Content Highlight: Kashmir getting worser than Afghanisthan after bjp came to power says ex CM Mehbooba Mufti