Entertainment news
വീണ്ടും റിലീസിനൊരുങ്ങി കശ്മീര്‍ ഫയല്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 18, 06:32 am
Wednesday, 18th January 2023, 12:02 pm

കശ്മീര്‍ ഫയല്‍സ് വീണ്ടും റിലീസിനൊരുങ്ങുന്നു. സംവിധായകന്‍ വിവേക് അഗ്നിഹോത്രിയാണ് ഈ വിവരം പുറത്ത് വിട്ടത്. കാശ്മീര്‍ പണ്ഡിറ്റുകള്‍ വംശഹത്യ ദിനമായി കണക്കാക്കുന്ന ജനുവരി 19നാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’.

1990ലെ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ബോളിവുഡ് സിനിമയാണ് കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിത ജീവിതത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നതെന്ന തരത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചാണ് വിവേക് അഗ്നി ഹോത്രി സിനിമ ഒരുക്കിയിരിക്കുന്നത് എന്ന വിമര്‍ശനം തുടക്കം മുതലെ ഉയര്‍ന്നു വന്നിരുന്നു.

 

കശ്മീരില്‍ ഉയര്‍ന്നു വന്ന ‘ആസാദി’ എന്ന മുദ്രാവാക്യം ഭീകരവാദത്തിന്റെ മുദ്രാവാക്യം ആണെന്നും അത് വിളിക്കുന്നവര്‍ ഭീകരവാദികളാണെന്ന തരത്തിലുമാണ്‌ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഇത് ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമയാണെന്നതാണ് പ്രധാനമായും ഉയര്‍ന്നുവരുന്ന വിമര്‍ശനം.

കശ്മീരി പണ്ഡിറ്റുകളുടെ മരണത്തെ സംബന്ധിച്ച് വരെ തെറ്റായ വിവരമാണ് സിനിമ നല്‍കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമ ആദ്യം തിയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ മുസ്‌ലീം വിരുദ്ധ മുദ്രവാക്യം വിളിച്ചാണ് പല ഹിന്ദുത്വവാദികളും തിയേറ്റര്‍ വിട്ടത്.

അടുത്തിടെ സിനിമയുടെ പേരില്‍ വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഐ.എഫ്.എഫ്.ഐ സമാപന ചടങ്ങില്‍ വെച്ച് ഇസ്രഈലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ നദാല്‍ ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. കലാപരമായ മൂല്യങ്ങളൊന്നുമില്ലാത്ത സിനിമ പ്രൊപ്പഗണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രത്തിന്റെ രണ്ടാംഭാഗവും സംവിധായകന്‍ വിവേക് അഗ്നിഹോത്രി പ്രഖ്യപിച്ചിരുന്നു. തുടര്‍ന്നാണ് സിനിമ വീണ്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കവുമായി അഗ്നിഹോത്രി വരുന്നത്.

CONTENT HIGHLIGHT: KASHMIR FILES RE RELEASE VIVEK AGNIHOTHRI POST