തിരുവനന്തപുരം: കേരളീയരുടെ മതനിരപേക്ഷതയെ പ്രശംസിച്ച് എക്‌സിൽ പോസ്റ്റ്. ബി.ജെ.പി വിമർശകനായ റോഷൻ റായിയുടേതാണ് പോസ്റ്റ്.
കശ്മീർ ഫയൽസും ഛാവ സിനിമയും സബർമതി റിപ്പോർട്ടുമെല്ലാം സമൂഹത്തെ ധ്രുവീകരിച്ചുവെന്നും എന്നാൽ കേരളാ സ്റ്റോറി വന്നെന്നും അതിന് കേരളത്തിന്റെ സാമൂഹിക ഘടനയിലോ മതനിരപേക്ഷതയിലോ 0.01ശതമാനം പോലും ഇളക്കം തട്ടിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കശ്മീർ ഫയൽസ് സമൂഹത്തെ ധ്രുവീകരിച്ചു, സബർമതി റിപ്പോർട്ട് സമൂഹത്തെ ധ്രുവീകരിച്ചു, ഛാവ സിനിമ സമൂഹത്തെ ധ്രുവീകരിച്ചു, എന്നാൽ കേരളാ സ്റ്റോറി വന്നു, പക്ഷെ അതിന് കേരളത്തിന്റെ മതനിരപേക്ഷതക്ക് 0.01 ശതമാനം പോലും ഇളക്കം തട്ടിക്കാൻ സാധിച്ചിട്ടില്ല. കേരളത്തിലെ ജനങ്ങളെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു’ എന്നായിരുന്നു പോസ്റ്റ്.
ഗ്രോക്ക് ചാറ്റ്ബോട്ടിനോട് റോഷൻ റായി ചോദിച്ച ചോദ്യത്തിന് പിന്നാലെയാണ് കേരളാ സ്റ്റോറിയിലേക്കും കേരളത്തിലേക്കും അദ്ദേഹം എത്തിയത്. ഇന്ത്യയിൽ ഒരു കലാപം ഉണ്ടാകുമ്പോൾ ഏത് പൊളിറ്റിക്കൽ പാർട്ടിക്കാണ് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിന് മറുപടിയായി ചാറ്റ് ബോട്ട് നൽകിയത് ബി.ജെ.പി എന്ന ഉത്തരമായിരുന്നു.
‘ഇന്ത്യയിൽ ഉണ്ടാകുന്ന കലാപങ്ങൾക്ക് പിന്നാലെ ബി.ജെ.പിക്ക് പലപ്പോഴും തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാകാറുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. യേൽ സർവ്വകലാശാലയിൽ നിന്നുള്ളത് പോലുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, വർഗീയ കലാപത്തിന് ശേഷം ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിക്കുന്നു എന്നാണ്.
കലാപങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം ഏകദേശം 0.8 ശതമാനം വർധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. വർഗീയ ധ്രുവീകരണമാണ് ഇതിന് പ്രധാന കാരണം. കലാപങ്ങൾ മതപരമായ ഭിന്നത വർധിപ്പിക്കുകയും ഹിന്ദു വോട്ടർമാരെ ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ പ്ലാറ്റ്‌ഫോമിലേക്ക് നയിക്കുകയും ചെയ്യുന്നു. അതേസമയം കലാപത്തിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വോട്ട് വിഹിതത്തിൽ ഇടിവ് ഉണ്ടാകുന്നു. കാരണം അശാന്തിയുണ്ടായ ഇടങ്ങളിലെ വോട്ടർമാർക്കിടയിലുള്ള പിന്തുണ അവർക്ക് നഷ്ടപ്പെടുന്നതാണ്,’ ഗ്രോക്ക് നൽകിയ മറുപടിയിൽ പറയുന്നു.
പിന്നാലെ നടന്ന ചർച്ചയിൽ ഔറംഗസേബിനെതിരായി മഹാരാഷ്ട്രയിൽ ഉയരുന്ന അധിക്ഷേപങ്ങൾക്കും കലാപങ്ങൾക്കും ഛാവ സിനിമക്കും പങ്കുണ്ടെന്നും അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്തുണ അറിയിച്ചും വിമർശനങ്ങൾ ഉന്നയിച്ചും നിരവധിപേർ എത്തുന്നുണ്ട്.
പിന്നാലെയാണ് റോഷൻ കേരളത്തെക്കുറിച്ച് പരാമർശിച്ചത്. കേരളത്തിൽ ഇത്തരം വർഗീയ ധ്രുവീകരണങ്ങൾ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരമാണ് അതിന് കാരണമെന്നും, കേരളം മതനിരപേക്ഷതയുള്ള സംസ്ഥാനമാണ്, തുടങ്ങിയ നിരവധി കമന്റുകളുമായി നിരവധി പേർ പിന്തുണയുമായെത്തുന്നുണ്ട്.
Content Highlight: Kashmir File and Chhava divided the society, Kerala Story could not create even 00.1 percent stir in Kerala; Kerala praised in X