കശ്മീരില്‍ നിന്നും തീവ്രവാദികളെ സുരക്ഷിതമായി ദല്‍ഹിയിലെത്തിക്കാന്‍ ഡി.എസ്.പി ദവീന്ദര്‍ സിങ് വാങ്ങിയത് 12 ലക്ഷം രൂപ
national news
കശ്മീരില്‍ നിന്നും തീവ്രവാദികളെ സുരക്ഷിതമായി ദല്‍ഹിയിലെത്തിക്കാന്‍ ഡി.എസ്.പി ദവീന്ദര്‍ സിങ് വാങ്ങിയത് 12 ലക്ഷം രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 12:08 pm

ന്യൂദല്‍ഹി: കശ്മീരില്‍ അറസ്റ്റിലായ ഡി.എസ്.പി ദവീന്ദര്‍ സിങ് കശ്മിരില്‍ നിന്നും തീവ്രവാദികളെ ദല്‍ഹിയിലെത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

കശ്മീരില്‍ നിന്നും ചണ്ഡീഗഢ് വഴി ദല്‍ഹിയിലെത്തിക്കുന്നതിനാണ് തീവ്രവാദികളില്‍ നിന്നും 12 ലക്ഷം രൂപ വാങ്ങിയത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താനായിരുന്നു തീവ്രവാദികളുടെ പദ്ധതി എന്നാണ് ഇന്റലിജന്‍സ്‌റിപ്പോര്‍ട്ട്.

ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ദവീന്ദര്‍ സിങിനൊപ്പമുണ്ടായിരുന്ന ഇവര്‍ ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലുള്ള വീട്ടിലാണ് രാത്രി തങ്ങിയതെന്ന് ദവീന്ദര്‍ സിങ് കുറ്റസമ്മതം നടത്തിയിരുന്നു.

ഷോപിയാന്‍ താഴ്‌വരയില്‍ നിന്നും തീവ്രവാദികളെ കശ്മീരില്‍ എത്തിച്ചശേഷം അതീസുരക്ഷാ മേഖലയിലുള്ള തന്റെ വീട്ടില്‍ ദേവീന്ദര്‍ പാര്‍പ്പിക്കുകയായിരുന്നു. സൈനികര്‍ താമസസ്ഥലത്തിന് അടുത്തു തന്നെ തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ താമസിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.

ഇപ്പോള്‍ പിടിയിലായ ഹിസ്ബുള്‍ മുജാഹിദ്ദീനിലെ മുതിര്‍ന്ന നേതാവായ നവീദ് ബാബുവിനെ മുന്‍പും പല തവണ വിവിധ സ്ഥലങ്ങളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ദവീന്ദര്‍ സിങ് സമ്മതിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദവീന്ദര്‍ സിങിന്റെ കേസ് എന്‍.ഐ.എക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീവ്രവാദികളുടെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്നും ദവീന്ദര്‍ സിങിന് തീവ്രവാദികളുമായുള്ള ബന്ധവും അന്വേഷിക്കുന്നതിന് വേണ്ടിയാണ് കേസ് എന്‍.ഐ.എക്ക് കൈമാറുന്നത്.

മുന്‍പ് നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ ദവീന്ദര്‍ സിങ് പങ്കുണ്ടായിരുന്നോ എന്നും അന്വേഷിക്കുമെന്ന് കശ്മീര്‍ ഐ.ജി നേരത്തെ അറിയിച്ചിരുന്നു. ദവീന്ദര്‍ സിങിന്റെ അറസ്‌റ്റോടെ 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്ന ആരോപണങ്ങളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, അന്ന് കശ്മീര്‍ പൊലീസിലെ സ്‌പെഷല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്ന ദവീന്ദര്‍ സിങാണ് തന്നെ കേസില്‍ കുരുക്കിയതെന്ന് പറഞ്ഞിരുന്നു.

തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്‌സുല്‍ ഗുരു 2004ല്‍ എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

DoolNews Video