'കശ്മീരില്‍ ചികിത്സകിട്ടാതെ രോഗികള്‍ മരിക്കുകയാണ്'; പ്രതിഷേധമല്ല, അപേക്ഷയാണെന്ന പ്ലക്കാര്‍ഡുയര്‍ത്തി വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍ പൊലീസ് കസ്റ്റഡിയില്‍
Daily News
'കശ്മീരില്‍ ചികിത്സകിട്ടാതെ രോഗികള്‍ മരിക്കുകയാണ്'; പ്രതിഷേധമല്ല, അപേക്ഷയാണെന്ന പ്ലക്കാര്‍ഡുയര്‍ത്തി വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടര്‍ പൊലീസ് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 10:35 am

 

കശ്മീര്‍: മുന്നാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം ജമ്മുകശ്മീരിലെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയ ഡോക്ടറെ മിനിറ്റുകള്‍ക്കകം തടഞ്ഞ് പൊലീസ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ യൂറോളജിസ്റ്റായ ഉമര്‍ സലീമാണ് ഡോക്ടര്‍മാരുടെ കോട്ടു ധരിച്ച് ശ്രീനഗറിലെ പ്രസ് ക്ലബിലെത്തി മാധ്യമങ്ങളോട് സംസാരിച്ചത്. ‘താന്‍ പ്രതിഷേധിക്കുകയല്ല, അപേക്ഷിക്കുകയാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം.

അദ്ദേഹത്തിന്റെ സംസാരം തുടങ്ങി പത്തുമിനിറ്റിനകം പൊലീസ് സ്ഥലത്തെത്തുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. ഡോക്ടര്‍ ഇപ്പോള്‍ എവിടെയാണെന്ന വിവരം ലഭ്യമല്ല.

കശ്മീരിലെ യാത്രാവിലക്കും ആശയവിനിമയ നിയന്ത്രണങ്ങളും രോഗികളുടെ ജീവനെ ബാധിക്കുന്നുണ്ടെന്നാണ് ഉമര്‍ പറഞ്ഞത്. പ്രത്യേകിച്ച് ഡയാലിസിസിനോ കീമോതെറാപ്പിക്കോ വിധേയരാവേണ്ട രോഗികളെ ഇത് വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ഈ നിയന്ത്രണങ്ങള്‍ കാരണം മരണം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം തനിക്ക് പറയാനാവില്ല. എന്നാല്‍ ചികിത്സ വൈകിപ്പിക്കേണ്ടി വന്ന രോഗികളെ തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ആഗസ്റ്റ് ആറിന് കീമോതെറാപ്പി ആവശ്യമുള്ള ഒരു രോഗി എനിക്കുണ്ട്. ആഗസ്റ്റ് 24നാണ് അവന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്. എന്നാല്‍ കീമോതെറാപ്പി മെഡിസിന്‍ കിട്ടിയില്ല.’ ഉമര്‍ പറഞ്ഞു.

‘ ദല്‍ഹിയില്‍ നിന്നും കീമോതെറാപ്പി മരുന്ന് എത്തിക്കേണ്ട മറ്റൊരു രോഗിക്ക് മരുന്നിന് ഓര്‍ഡര്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അദ്ദേഹത്തിന്റെ കീമോതെറാപ്പി അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.’

‘ ആഴ്ചയില്‍ മൂന്ന് ഡയാലിസിസെങ്കിലും ആവശ്യമുള്ള രോഗികളുണ്ട്. ഇന്‍ഷുറന്‍സ് സ്‌കീമിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഡയാലിസിസ് രോഗികളുണ്ട്. അവര്‍ക്കെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നും ഓരോ ഡയാലിസിസിനും 1500 മുതല്‍ 1800 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്. 10000 രൂപയില്‍ താഴെ വരുമാനമുള്ളവരെ സംബന്ധിച്ച് അത് ചെറിയ തുകയല്ല.’ ഉമര്‍ വിശദീകരിക്കുന്നു.

ബാങ്കുകളില്‍ പണം ഇല്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ കഴിയാത്ത അല്ലെങ്കില്‍ ആശുപത്രിയിലേക്ക് വരാന്‍ കഴിയാത്ത രോഗികളുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത 15 ലക്ഷം രോഗികളാണ് തങ്ങള്‍ക്കുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ കാര്‍ഡ് സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിന്റെ ഗുണഭോക്താക്കള്‍ക്കാര്‍ക്കും ഇങ്ങോട്ട് വരാനോ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ കഴിയാത്ത അവസ്ഥയാണെന്നും ഉമര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രോഗികള്‍ക്കുള്ള അസൗകര്യങ്ങള്‍ കുറയ്ക്കാന്‍ ആശുപത്രിയിലെയും ക്ലിനിക്കുകളിലെയും ലാന്റ് ലൈന്‍ സംവിധാനങ്ങളെങ്കിലും പുനസ്ഥാപിക്കണമെന്നും ഉമര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

അതിനിടെ, കശ്മീരില്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കും ഇടയില്‍ ഔദ്യോഗികമായി വിവരങ്ങള്‍ നല്‍കുന്ന ഏക ഉദ്യോഗസ്ഥനായ സര്‍ക്കാര്‍ വക്താവ് റോഹിത് കന്‍സാല്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വൈകുന്നേരത്തെ വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചിരിക്കുകയാണ്.