കാശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും; ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്ന് തെരേസ മേ
Daily News
കാശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും; ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്ന് തെരേസ മേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th October 2016, 10:58 am

കാശ്മീര്‍  വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഇതേ നിലപാടാണ് പിന്തുടരുന്നത്. ഇതില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.


ലണ്ടന്‍: കാശ്മീര്‍ വിഷയം ഇന്ത്യയേയും പാക്കിസ്ഥാനെയും സംബന്ധിച്ചുള്ളതാണെന്നും ഇരുരാജ്യങ്ങളുമാണ് അതു പരിഹരിക്കേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

കാശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ ആവര്‍ത്തിച്ചു. കാശ്മീര്‍  വിഷയത്തില്‍ ബ്രിട്ടന്‍ ഇടപെടില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഇതേ നിലപാടാണ് പിന്തുടരുന്നത്. ഇതില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി.

കാശ്മീര്‍ വിഷയത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തെരേസ മേ. പാക്കിസ്ഥാന്‍ വംശജയും ലേബര്‍ പാര്‍ട്ടി എം.പിയുമായ യാസ്മിന്‍ ഖുറേഷിയാണ് ചോദ്യം ഉന്നയിച്ചത്. അടുത്ത മാസം നടക്കുന്ന തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കാശ്മീര്‍ വിഷയവും ചര്‍ച്ചയാകുമോയെന്നായിരുന്നു ഖുറേഷിയുടെ ചോദ്യം.

നവംബര്‍ ആറു മുതല്‍ എട്ടുവരെയാണു മേയുടെ ഇന്ത്യാ സന്ദര്‍ശനം. യൂറോപ്പിനു പുറത്തു തെരേസയുടെ ആദ്യ സന്ദര്‍ശനമാണ് ഇന്ത്യയിലേത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് ഇന്ത്യ-യുകെ ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശന വേളയിലുണ്ടായ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് ഉഭയകക്ഷി ഉച്ചകോടി.