| Wednesday, 9th October 2019, 10:06 am

'ബ്രഡ് വാങ്ങാന്‍ മുത്തശ്ശി പറഞ്ഞുവിട്ടതായിരു എന്നെ, പക്ഷേ അപ്പോഴേക്കും അവരെത്തി അടിക്കുകയും പൂട്ടിയിടുകയും ചെയ്തു';ജമ്മുകാശ്മീരില്‍ ഒമ്പത് വയസ്സുകാരന്‍ ജയിലില്‍ കിടന്നത് രണ്ടു ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകാശ്മീര്‍:ശ്രീനഗറില്‍ ഒമ്പത് വയസ്സുകാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് ജയിലിടച്ചു. മുത്തശ്ശി ബ്രഡ് വാങ്ങാന്‍ പറഞ്ഞുവിട്ട ബാലനെ വഴിയില്‍ വെച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയായിരുന്നു.രണ്ടുദിവസമാണ് ജയിലിടച്ചത്. പൊലീസില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റുവെന്നും ബാലന്‍ ടെലഗ്രാഫിനോട് പറഞ്ഞു.

ജമ്മുകാശ്മീരില്‍ തടവിലായവരില്‍ ഏറ്റവും പ്രായംകുറഞ്ഞത് ഈ ബാലനാണ്. പ്രായപൂര്‍ത്തിയാവാത്ത 144 പേരാണ് ജമ്മുകാശ്മീരില്‍ രണ്ടുമാസത്തിനിടക്ക് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റതിന് ശേഷം ബാലന്‍ മാനസികാഘാതത്തില്‍ നിന്നും മോചിതനായിട്ടില്ലെന്ന് ബാലന്റെ മുത്തശ്ശന്‍ പറഞ്ഞു. ബാലന് അഞ്ചുമാസം പ്രായമായിരിക്കുമ്പോള്‍ അവന്റെ അമ്മ മരിച്ചുവെന്നും തുടര്‍ന്ന് അച്ഛന്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും മുത്തശ്ശന്‍ പറഞ്ഞു.

ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലെ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി തടവിലായ കുട്ടികളുടെ ലിസ്റ്റ് കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ബാലവകാശ നിയമപ്രകാരം നടപടിയെടുക്കണമെന്ന ആക്ടിവിസ്റ്റുകളുടെ പെറ്റീഷനും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കുട്ടികളെ നിരീക്ഷണവസതിയിലാണ് ആക്കിയിട്ടുള്ളയെന്നും നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ലെന്നും ഗവണ്‍മെന്റ് മറുപടി നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

റിപ്പോര്‍ട്ടുകള്‍ പ്രകാരം ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് രണ്ടു ദിവസത്തിനു ശേഷം ബാലന്‍ അറസ്റ്റിലാവുകയായിരുന്നു. അന്നു തന്നെ പൊലീസ് വിട്ടയച്ചെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാലനെ രണ്ടു ദിവസം തടവില്‍ വെച്ചുവെന്നാണ് ബാലന്റെ മുത്തശ്ശന്‍ ടെലഗ്രാഫിനോട് പറഞ്ഞത്.

‘ബ്രഡ് വാങ്ങാന്‍ മുത്തശ്ശി പറഞ്ഞുവിട്ടതായിരു എന്നെ പക്ഷേ അപ്പോഴേക്കും അവരെത്തി അടിക്കുകയും പൂട്ടിയിടുകയും ചെയ്തു. ചോര വരുന്നതുകണ്ടിട്ടും അവര്‍ കരുണ കാട്ടിയില്ല. എനിക്ക് അച്ഛനും അമ്മയുമില്ലെന്നും ഞാന്‍ പൊലീസിനോട് പറഞ്ഞു. എന്നിട്ടും അവരെന്നെ രണ്ട് ദിവസം പൂട്ടിയിടുകയായിരുന്നു.’ ബാലന്‍ ടെലഗ്രാഫിനോട് പറഞ്ഞു.

അവന്‍ ചെറുതല്ലേ എന്ന് ഞാന്‍ പൊലീസുകാരോട് പറഞ്ഞപ്പോള്‍ ബാലന്റെ സ്വഭാവത്തെ പറ്റി നല്ലതു പറയുന്ന 15 പ്രദേശവാസികളുടെ കത്ത് കൊണ്ടുവരണമെന്ന് അവര്‍ ഞങ്ങളോട് പറയുകയായിരുന്നു.’ ബാലന്റെ മുത്തശ്ശി പറഞ്ഞു. ’20പേര്‍ ഒപ്പു വെച്ച കത്ത് ഞങ്ങള്‍ നല്‍കുകയും ചെയ്തു’.അവര്‍ കൂട്ടിച്ചേര്‍ത്തു

ബാലനെ കാണാനില്ലാത്തതിനെ തുടര്‍ന്ന് തങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിക്കുകയായിരുന്നെന്നും ബാലന്റെ മുത്തശ്ശി പറഞ്ഞു. പുലര്‍ച്ചെ 2.30 വരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും അവനെ പുറത്തുവിട്ടില്ലെന്നും മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. ബാലന്റെ അമ്മയുടെ മരണശേഷം മുത്തശ്ശിയാണ് ബാലനെയും സഹോദരിയെയും നോക്കുന്നത്. പേരക്കുട്ടികള്‍ക്കൊപ്പം ഒരു ചെറിയ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കല്ലേറില്‍ നിന്നും രക്ഷനേടാന്‍ വീടിന്റെ ജനാലകള്‍ ഷീറ്റുകള്‍ വെച്ച് അടച്ചിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more