കാശ്മീരില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി
Kerala
കാശ്മീരില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2013, 4:15 pm

കാശ്മീര്‍: സേനാ വെടിവെയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ കാശ്മീരില്‍ പല സ്ഥലത്തും വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.[]

റൈനാവാരി, കാര്‍ല്‍കുഡ്, നൗഹാട്ട, സഫാ കദല്‍, മൗസുമ, സാദിബാല്‍, ബാരമുള്ള, പുല്‍വാമ എന്നീ സ്ഥലങ്ങളിലാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ കഴിഞ്ഞ ദിവസം ബാരമുള്ളയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ തഹീര്‍ ലതീഫ് സോഫി എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിടുകയും, സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ബാരമുള്ള പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം ഇരുന്നൂറ്റിയമ്പതോളം വരുന്ന ജനക്കൂട്ടം പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചതായും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയാറായില്ലെന്നും തുടര്‍ന്നാണ് പ്രതിരോധത്തിനായി സുരക്ഷാസേന വെടിയുതിര്‍ത്തതെന്നുമാണ് സൈന്യം സര്‍ക്കാറിന് നല്‍കിയ വിശദീകരണം.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനായി സംസ്ഥാന പോലീസും സി.ആര്‍.പി.എഫും അടങ്ങുന്ന സുരക്ഷാസംഘത്തെ  സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.