റിയൊ ഡി ജനീറൊ: 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഫുട്‌ബോളില്‍ ആരാധക മനസ്സ് കീഴടക്കിയ വുവുസേലയ്ക്ക് വിട. അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ വുവുസേലക്കു പകരം താരമാകാന്‍ പോകുന്നത് കഷീറോള എന്ന വാദ്യോപകരണമാണ്. കൈയില്‍ ഒതുക്കി പിടിക്കാവുന്ന കഷീറോള മഞ്ഞ, പച്ച നിറങ്ങളിലായിരിക്കും ആരാധകരിലെത്തുക.[]
മഴയുടെ ആരവത്തിന്റെ ശബ്ദത്തോടാണ് കഷീറോളയുടെ ശബ്ദ വീചികളെ ഉപമിച്ചിരിക്കുന്നത്. കുഴലൂത്തിന് സമാനമായിരുന്നു വുവുസേലയെങ്കില്‍ നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന കിലുക്കാംപെട്ടിക്ക് സമാനമാണ് കഷീറോളയുടെ ശബ്ദം.പുനരുത്പാദനം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രമുഖ സംഗീതജ്ഞനായ കാര്‍ലിനോസ് ബ്രൗണും ബ്രസീലിയന്‍ കായിക മന്ത്രാലയവും സംയുക്തമായാണ് ഈ വാദ്യോപകരണം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദം കൊണ്ട് വിവാദമായ വുവുസേലയ്ക്ക് പകരം മനസ്സിനും ചെവിയ്ക്കും ഒരേപോലെ ഇഷ്ടമാകുന്ന രീതിയിലാണ് ഇതിന്റെ രൂപവത്ക്കരമണമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫാണ് കഴിഞ്ഞദിവസം കഷീറോളയെ ഔദ്യോഗികമായി ലോകത്തിന് പരിചയപ്പെടുത്തിയത്. ശബ്ദത്തിന്റെ കാര്യത്തില്‍ വുവുസേലയേക്കാള്‍ കഷിറോള വളരെ മൃദുലമാണെന്നും, ബ്രസീലിന്റെ സാംസ്‌കാരിക തനിമക്ക് യോജിച്ചതാണെന്നും, കഷിറോളയില്‍ നിന്നുള്ള ശബ്ദം ആരാധകര്‍ക്ക്
അലോസരമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ജൂണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഷീറോള ആരാധകരിലെത്തിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിനെ അനശ്വരമാക്കുന്നതില്‍ വുവുസേല വഹിച്ച പങ്ക് ചെറുതല്ല. 2014 ലെ ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളില്‍ കഷിറോള ആരാധകരെ എത്രത്തോളം സ്വാധീനിക്കുമെന്നത് കാത്തിരുന്ന് കാണാം.